Header Ads

  • Breaking News

    ജില്ലയില്‍ ഓക്സിജന്‍ സംവിധാനമുള്ള കിടക്കകള്‍ വര്‍ധിപ്പിക്കും

    തലശ്ശേരി ജനറല്‍ ആശുപത്രിയിലെ 80% കിടക്കകളും
    കൊവിഡ് ചികില്‍സയ്ക്ക്

    ജില്ലയിലെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം പതിനാറായിരം കടന്ന പശ്ചാത്തലത്തില്‍ ചികില്‍സാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെ 80 ശതമാനം കിടക്കകളും കൊവിഡ് ബി, സി കാറ്റഗറി ചികില്‍സയ്ക്ക് മാത്രമായി സജ്ജീകരിക്കാനും ബാക്കി 20 ശതമാനം കിടക്കകള്‍ കൊവിഡ് ഇതര അത്യാഹിത കേസുകള്‍ക്കായി മാറ്റിവയ്ക്കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അടിയന്തര സ്വഭാവമില്ലാത്ത കൊവിഡ് ഇതര കേസുകള്‍ ഇവിടെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണം.

    ഒ പികള്‍ നിയന്ത്രിക്കും.
    കൊവിഡിനായി സജ്ജീകരിക്കുന്ന കിടക്കകളില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണത്തിന് സജ്ജീകരണമൊരുക്കണം. അല്ലാത്ത കിടക്കകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കണം. ആശുപത്രിയിലെ മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സംഘത്തെ സജ്ജീകരിക്കണം. ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആശുപത്രി സൂപ്രണ്ടിനെയും പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി തലശ്ശേരി സബ് കലക്ടറെയും ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

    കൊവിഡ് ചികില്‍സയ്ക്കുള്ള മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഗുരുതര രോഗികള്‍ക്കായുള്ള ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കും. അതോടൊപ്പം മെഡിക്കല്‍ കോളേജിലെ പുതുതായി നിര്‍മിച്ച മാതൃ-ശിശു വിഭാഗം ബ്ലോക്കില്‍ ബി കാറ്റഗറി രോഗികള്‍ക്കായുള്ള 200 കിടക്കകള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. ഇത് ഏപ്രില്‍ 30ഓടെ പ്രവര്‍ത്തനസജ്ജമാക്കും.
    പുതിയ സാഹചര്യത്തില്‍ ഓക്സിജന്‍ സംവിധാനമുള്ള കിടക്കകള്‍ ജില്ലയില്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

    നിലവില്‍ ഇത്തരം 1300ലേറെ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് താലൂക്ക് തലത്തിലും നഗരങ്ങളിലുമുള്ള പ്രധാന എഫ്എല്‍സിടിസികളില്‍ ഓക്സിജന്‍ സംവിധാനമുള്ള കിടക്കകള്‍ സജ്ജീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇവിടങ്ങളിലേക്ക് ആവശ്യമായി വരുന്ന കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
    ഇതിനു പുറമെ, കണ്ണൂരും കതിരൂരുമുള്ള ജില്ലയിലെ രണ്ട് ദുരിതാശ്വാസ അഭയകേന്ദ്രങ്ങളെ സിഎഫ്എല്‍ടിസികളാക്കി മാറ്റാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികില്‍സയ്ക്ക് കൂടുതല്‍ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ ആശുപത്രി മാനേജ്മെന്റുമായി ആലോചിച്ച് അടിയന്തര നടപടി കൈക്കൊള്ളാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

    അവശ്യഘട്ടത്തില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 500 പേര്‍ക്ക് വരെ ചികില്‍സ ലഭ്യമാക്കാവുന്ന രീതിയില്‍ സജ്ജീകരിക്കും.
    ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ സ്നേഹില്‍കുമാര്‍ സിംഗ്, സബ് കലക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എഡിഎം ഇ പി മേഴ്സി, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എം വി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad