കൊലപാതകവും അക്രമങ്ങളും അപലപനീയം: സമാധാനത്തിനായി സഹകരിക്കണം
ജില്ലയില്‍ സമാധാനം പുലരാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന യോഗം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ പുല്ലൂക്കരയില്‍ ഉണ്ടായ കൊലപാതകത്തെയും തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളെയും യോഗം ശക്തമായി അപലപിച്ചു. കൊലപാതക കേസിലെയും മറ്റ് അക്രമ സംഭവങ്ങളിലെയും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികളും ബിജെപി, ആര്‍എസ്എസ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളും പങ്കെടുത്തു.
ജില്ലയില്‍ കുറേക്കാലമായി തുടരുന്ന സമാധാന അന്തരീക്ഷം തകരാതിരിക്കാന്‍ എല്ലാ പാര്‍ട്ടികളും ജനങ്ങളും ജാഗ്രത കാണിക്കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. എല്ലാ കേസുകളിലെയും പ്രതികളെ എത്രയും വേഗം പിടികൂടാന്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കും. യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പാര്‍ട്ടികളും സമാധാന ശ്രമങ്ങള്‍ക്ക് ഒപ്പമാണ്. കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതില്‍ കാലതാമസമുണ്ടാകുന്നു എന്ന വികാരമാണ് അവര്‍ പ്രകടിപ്പിച്ചത്. അക്കാര്യത്തില്‍ പൊലീസ് നിഷ്പക്ഷവും ശക്തവുമായ നടപടികള്‍ കൈക്കൊള്ളും. തുടര്‍ ചര്‍ച്ചകളില്‍ അവരെക്കൂടി പങ്കെടുപ്പിച്ച് സമാധാന ശ്രമങ്ങള്‍ തുടരും. ഇതിനായി പ്രാദേശികമായി സമാധാന യോഗം വിളിച്ചു ചേര്‍ക്കും. മുസ്ലിംലീഗ്, സിപിഐഎം പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉഭയകക്ഷി ചര്‍ച്ചക്കുളള ശ്രമം നടത്തണമെന്ന നിര്‍ദേശവും സമാധാന യോഗത്തില്‍ ഉണ്ടായി.
ഇതിനുള്ള ഇടപെടലും ജില്ലാ ഭരണകൂടം നടത്തും.
തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പൊതുവെ വലിയ സംഘര്‍ഷങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ പുല്ലൂക്കരയില്‍ ദാരുണമായ കൊലപാതകം ഉണ്ടായത് അപലപനീയമാണ്. വിലാപയാത്രക്ക് ശേഷം ഉണ്ടായ അക്രമ സംഭവങ്ങളും അപലപനീയമാണ്- കലക്ടര്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ കാരണം കുറേക്കാലമായി ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകരുന്ന അവസ്ഥ ഉണ്ടാകരുത്. അതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും ജാഗ്രതയും ഉത്തരവാദിത്തവും കാണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കൊലപാതക കേസ് അന്വേഷണം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി (സിറ്റി) ആര്‍ ഇളങ്കോ പറഞ്ഞു.
15 അംഗ അന്വേഷണ സംഘത്തിന്റെ നേതൃത്വം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയിലിനാണ്. 11 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. പ്രതികള്‍ ഒളിവിലാണ്. കൊലപാതകത്തിനുള്ള പ്രകോപനവും കാരണവും എന്താണെന്നും മറ്റുമുള്ള കാര്യങ്ങള്‍ പ്രതികളെ പിടികൂടിയാലേ മനസ്സിലാകൂ. പ്രതികളെ പിടികൂടുന്നതില്‍ ബോധപൂര്‍വ്വമായ ഒരു കാലതാമസവുമുണ്ടായിട്ടില്ല. നിഷ്പക്ഷമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. വ്യാപകമായ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേസ് അന്വേഷണത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊലീസിന് കഴിയാതെ വരും. എല്ലാ കേസുകളിലും ശക്തമായ അന്വേഷണവും നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണവും പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍) നവനീത് ശര്‍മ, സബ് കലക്ടര്‍ അനു കുമാരി, അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വി ജയരാജന്‍, കെ പി സഹദേവന്‍, ടി വി രാജേഷ് (സിപിഐഎം), സതീശന്‍ പാച്ചേനി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് (ഐഎന്‍സി), വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, അഡ്വ. അബ്ദുള്‍കരീം ചേലേരി, പി കെ ഷാഹുല്‍ ഹമീദ് (ഐയുഎംഎല്‍), സി പി സന്തോഷ് കുമാര്‍ (സിപിഐ), പി സത്യപ്രകാശ് (ബിജെപി), ഒ രാഗേഷ് (ആര്‍എസ്എസ്), കെ പി മോഹനന്‍, വി രാജേഷ് പ്രേം, വി കെ ഗിരിജന്‍ (എല്‍ജെഡി), പി പി ദിവാകരന്‍ (ജനതാദള്‍ എസ്), മഹമൂദ് പറക്കാട്ട് (ഐഎന്‍എല്‍), സി എച്ച് പ്രഭാകരന്‍ (എന്‍സിപി), കെ പി ഷാജി (എന്‍സികെ), വല്‍സന്‍ അത്തിക്കല്‍ (കേരള കോണ്‍ഗ്രസ്-ജെ), ഇല്ലിക്കല്‍ അഗസ്തി, ജോണ്‍സണ്‍ പി തോമസ് (ആര്‍എസ്പി), കെ കെ ജയപ്രകാശ് (കോണ്‍ഗ്രസ് എസ്), എ സി ജലാലുദ്ദീന്‍, എ ഫൈസല്‍ (എസ്ഡിപിഐ), കെ സാദിഖ് ഉളിയില്‍, മുഹമ്മദ് ഇംതിയാസ് (വെല്‍ഫയര്‍ പാര്‍ട്ടി) തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment