യുവാവ് നിരന്തരം ശല്യംചെയ്തു, ഫോണ്‍ പോലും പോലീസ് പരിശോധിച്ചില്ല; മകളുടെ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍
പത്തനംതിട്ട:
നഴ്സിങ് വിദ്യാർഥിനിയായ മകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റാന്നി പെരുനാട് പുതുക്കട ചെമ്പാലൂർ ചരിവുകാലായിൽ അനൂപിന്റെ മകൾ അക്ഷയ അനൂപിന്റെ (20) മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം വഴിമുട്ടിയതായി ആരോപണമുയർന്നത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിനു രാത്രി ഏഴോടെ അക്ഷയ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകളെ മരണത്തിലേക്കു തള്ളിവിട്ട സംഭവം പുറത്തുവരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരുയുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഈ ബന്ധം ഒഴിവാക്കാൻ പലതവണ ശ്രമം നടന്നതാണെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവദിവസവും യുവാവ് അക്ഷയയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മകളുടെ സുഹൃത്തുക്കളായ മറ്റൊരു പെൺകുട്ടി ഇത് വ്യക്തമായി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അക്ഷയ ഉപയോഗിച്ച ഫോൺ പരിശോധിക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണ് തുടക്കം മുതൽ പോലീസ് ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യാൻ ആദ്യം തീരുമാനിക്കുകയും പിന്നീട് ചില സമ്മർദങ്ങൾക്കു വഴങ്ങി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല പോസ്റ്റുമോർട്ടം നടത്തിയത്.
മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടി മകളുടെ ഡയറി ഉൾപ്പെടെയുള്ള രേഖകളുമായി ഫെബ്രുവരി 18-നു പിതാവ് അനൂപ് പെരുനാട് പോലീസിൽ പരാതി നൽകിയിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളെ കണ്ടെത്താനാകൂ. ഡിജിറ്റൽ തെളിവുകൾ നഷ്ടപ്പെടാതെ എടുക്കാനാകണം. എന്നാൽ, ഇതിനുള്ള ശ്രമം പോലീസ് നടത്തുന്നില്ല. ജില്ലാ പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ചു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് നീതിപൂർവമായ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി അച്ഛൻ അനൂപും അമ്മ ആശ ടി. ഉത്തമനും പറഞ്ഞു. ആക്ഷൻ കൗൺസിൽ ഭാരവാഹി ബിജു മോടിയിലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
No comments
Post a Comment