ഒറ്റയംഗങ്ങളുള്ള നാലു പാർട്ടികൾ രണ്ടരവർഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടും; എൽജെഡിക്കും ആർ എസ് പിക്കും മന്ത്രി സ്ഥാനമില്ല; സി.പി.എം.- മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐ.- നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; കേരള കോൺഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും
തിരുവനന്തപുരം:
എൽ.ജെ.ഡി.ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കില്ല. സർക്കാർ രൂപവത്കരണത്തിനു ശേഷം അർഹമായ പദവി നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഘടകകക്ഷിയല്ലെങ്കിലും എൽ.ഡി.എഫിനൊപ്പമുള്ള ആർ.എസ്.പി.ക്കും (ലെനിനിസ്റ്റ്) മന്ത്രിസ്ഥാനമുണ്ടാകില്ല.
ഒറ്റയംഗങ്ങളുള്ള നാലു പാർട്ടികൾ രണ്ടരവർഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടും. ഇതാണ് നിലവിലെ ധാരണ. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും.
സർക്കാർ രൂപവത്കരണത്തിനു മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചർച്ചകൾ സി.പി.എം. പൂർത്തിയാക്കി. 21 മന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കാനാണു തീരുമാനം.
സി.പി.എം.- മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐ.- നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്നാണു തീരുമാനം. കേരള കോൺഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ്വിപ്പ് സ്ഥാനവും ലഭിക്കും. കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചർച്ചയിലും ജോസ് കെ. മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. അന്തിമ തീരുമാനം എൽ.ഡി.എഫ്. യോഗത്തിലുണ്ടാകുമെന്ന് ജോസ് പ്രതികരിച്ചു.
മന്ത്രിമാരുടെ എണ്ണം പരമാവധി സഖ്യയായ ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്നതിനാൽ, ഒറ്റയംഗങ്ങളുള്ള ഘടകകക്ഷികളിൽനിന്ന് രണ്ടു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തും. ഇതാണ് നാലു പാർട്ടികൾ പങ്കിടുക. കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐ.എൻ.എൽ. പാർട്ടികൾക്കായിരിക്കും ഊഴംവെച്ച് അവസരം ലഭിക്കുക.
എൽ.ജെ.ഡി.ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കില്ല. സർക്കാർ രൂപവത്കരണത്തിനു ശേഷം അർഹമായ പദവി നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഘടകകക്ഷിയല്ലെങ്കിലും എൽ.ഡി.എഫിനൊപ്പമുള്ള ആർ.എസ്.പി.ക്കും (ലെനിനിസ്റ്റ്) മന്ത്രിസ്ഥാനമുണ്ടാകില്ല.
കേരള കോൺഗ്രസി (ബി) ൽനിന്ന് കെ.ബി. ഗണേഷ് കുമാറും ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ആന്റണി രാജുവും മന്ത്രിമാരാകും. കോൺഗ്രസ് (എസ്)-ൽ നിന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയും ഐ.എൻ.എല്ലിൽനിന്ന് അഹമ്മദ് ദേവർകോവിലും മന്ത്രിമാരായേക്കും. ആദ്യ ഊഴം ആർക്ക് എന്നതിൽ അന്തിമ തീരുമാനം എൽ.ഡി.എഫ്. യോഗത്തിലുണ്ടാകും.
ജനതാദൾ പാർട്ടികളെ ഒറ്റ യൂണിറ്റായി കണ്ടാണ് സി.പി.എം. മന്ത്രിസഭാ ചർച്ച പൂർത്തിയാക്കിയത്. അതിനാലാണ്, ജനതാദൾ (എസ്), എൽ.ജെ.ഡി. പാർട്ടികൾ ലയിക്കണമെന്ന നിർദേശം ഉഭയകക്ഷി ചർച്ചയിലും സി.പി.എം. ഉയർത്തിയത്. അപ്പോൾ മൂന്ന് എം.എൽ.എ.മാരാണ് അവർക്കുണ്ടാകുക. അതിൽ രണ്ടുപേർക്ക് മന്ത്രിസ്ഥാനം നൽകുന്നത് നിലവിലെ രീതിയിൽ ഉചിതമാവില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.
ജനതാദൾ പാർട്ടികൾക്ക് ഒരുമന്ത്രിസ്ഥാനം എന്നാണ് ജെ.ഡി.എസ്. നേതാക്കളുമായുള്ള ചർച്ചയിൽ കോടിയേരി പറഞ്ഞത്. എന്നാൽ, മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് എൽ.ജെ.ഡി. നേതാക്കളോട് സി.പി.എം. അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കനുസരിച്ച് എൽ.ഡി.എഫിൽ നാലാം സ്ഥാനത്തുള്ള പാർട്ടിയാണ് എൽ.ജെ.ഡി. ആ പരിഗണന മന്ത്രിസഭാ രൂപവത്കരണത്തിലും നൽകണമെന്ന് എൽ.ജെ.ഡി. നേതാക്കൾ ആവശ്യപ്പെട്ടു.
No comments
Post a Comment