വയസ് 26, മുസ്‌ലിം യുവതി, ജോലി ഇതര മതസ്ഥരുടെ ശ്മശാനത്തിൽ; ഏത് ജോലിയായാലും സ്ത്രീകൾ മുന്നോട്ട് വരണമെന്നും എന്തും ചെയ്യാമെന്ന ദൃഢനിശ്ചയം സ്ത്രീകളിൽ
വയസ് 26, മുസ്‌ലിം യുവതി, ജോലി ഇതര മതസ്ഥരുടെ ശ്മശാനത്തിൽ, ഇരിങ്ങാലക്കുടക്കാരി കുഴികണ്ടത്തിൽ വീട്ടിൽ റഹ്മാന്റെ ഭാര്യ സുബീന റഹ്മാനാണ് തികച്ചും വ്യത്യസ്തമായൊരു തൊഴിൽ മേഖലകണ്ടെത്തിയത്.
മൃതദേഹ സംസ്കാരം. അതും മറ്റൊരു മതത്തിന്റെ ശ്മശാനത്തിൽ. അതുകൊണ്ടു തന്നെ ഒരുപക്ഷേ രാജ്യത്തിന് മാതൃകയാണ് സുബീനയുടെ നിലപാട്.
ഇത്തരം ജോലിക്ക് പോകുന്നത് ശരിയല്ലെന്ന് പലരും പറഞ്ഞു. എന്നാൽ ജോലിയെ ജോലിയായാണ് കരുതുന്നതെന്നും അവിടെ ജാതിക്കോ മതത്തിനോ സ്ഥാനമില്ലെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു സുബീന.
ഏത് ജോലിയായാലും സ്ത്രീകൾ മുന്നോട്ട് വരണമെന്നും എന്തും ചെയ്യാമെന്ന ദൃഢനിശ്ചയം സ്ത്രീകളിൽ ഉണ്ടാകണമെന്നുമുള്ള സന്ദേശമാണ് കോവിഡ് മഹാമാരിയിലും സുബീന പകർന്നു നൽകുന്നത്.
കൽപ്പണിക്കാരനായ ഭർത്താവിന് ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രം കുടുംബം കഴിഞ്ഞുപോകാൻ പറ്റില്ലെന്നു വന്നപ്പോഴാണ് ഭർത്താവിനെ സഹായിക്കുന്നതിന് തീരുമാനിച്ചത്. മരപ്പണിക്കാരനായ പിതാവും തെങ്ങിൽ നിന്നു വീണു പരിക്കേറ്റതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മകൻ മുഹമ്മദ് ഇർഷാൻ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ജീവിതമെന്ന യാഥാർത്ഥ്യത്തിൽ പ്രാരാബ്ധങ്ങൾ വെല്ലുവിളിയായി മുമ്പിൽ വന്നപ്പോഴാണ് തന്നെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന മനസുറപ്പോടെ സുബീന ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക മുക്തിസ്ഥാനിലെ ജോലിക്ക് ഇറങ്ങി തിരിച്ചത്. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവരുമ്പോൾ രേഖകൾ എഴുതി നൽകുക എന്നുള്ളതായിരുന്നു ആദ്യം ജോലി. കാര്യമായ ജോലി ഒന്നും ഇല്ലാത്ത അവസ്ഥയിൽ പിന്നീട് മൃതദേഹം സംസ്കരിക്കുന്നതിനും സഹായിക്കാമെന്നായി. ഒരു വർഷമായി സുബീന ഇവിടെ ജോലി ചെയ്യുന്നു. താൻ വളരെ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നും കുടുംബം പുലർത്താൻ ഇവിടെ നിന്നുള്ള വരുമാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും സുബീന പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സമയത്താണ് ശ്മശാനത്തിൽ ജോലിയ്ക്ക് ആളെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞത്. ശ്മശാന അധികൃതരുമായി സംസാരിച്ചതോടെ ജോലി ലഭിക്കുകയും ചെയ്തു. ജോലിയിൽ കയറിയതിനുശേഷം കുടുംബത്തെ സഹായിക്കാനും സഹോദരിയുടെ വിവാഹം നടത്താനും സാധിച്ചതായി സുബീന പറഞ്ഞു.ബാപ്പയും ഉമ്മയും ഭർത്താവും ഏക മകനും അടങ്ങുന്നതാണ് സുബീനയുടെ കുടുംബം.
No comments
Post a Comment