ഭക്ഷണത്തിനൊപ്പം ഇറങ്ങിയ മുള്ള് അന്നനാളം തുളച്ചെത്തിയതു നട്ടെല്ലിൽ; ഒടുവിൽ, കഴുത്തിലൂടെ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി; 3 സെന്റിമീറ്റർ നീളമുള്ള മീൻ മുള്ള് പുറത്തെടുത്തു
തൃശൂർ
ആഴ്ചകളോളം നീണ്ട വേദന, ഭക്ഷണമോ വെള്ളമോ കുടിക്കാൻ കഴിയാത്ത അവസ്ഥ. 59 കാരന്റെ ജീവിതത്തിൽ വില്ലനായത് ഒരു മീന് മുള്ളാണ്. ഭക്ഷണത്തിനൊപ്പം ഇറങ്ങിയ മുള്ള് അന്നനാളം തുളച്ചെത്തിയതു നട്ടെല്ലിൽ. ഒടുവിൽ, കഴുത്തിലൂടെ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയാണ് 3 സെന്റിമീറ്റർ നീളമുള്ള മീൻ മുള്ള് പുറത്തെടുത്തത്.
ആഴ്ചകൾക്ക് മുൻപാണ് വരന്തരപ്പിള്ളി സ്വദേശി ജോയിക്ക് (59) ഭക്ഷണം കഴിക്കുന്നതിനിടെ മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയത്. നേരിയ പ്രയാസം തോന്നിയെങ്കിലും ആദ്യം കാര്യമായെടുത്തില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ കഴുത്തുവേദന തുടങ്ങി. ഭക്ഷണവും വെള്ളവും ഇറക്കാൻ പറ്റാതെ അവശ നിലയിലുമായി. കഴിഞ്ഞ 11ന് എലൈറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. ന്യൂറോളജിസ്റ്റ് ഡോ.വി.ടി. ഹരിദാസാണ് അന്നനാളത്തിനു പിന്നിലും നട്ടെല്ലിനു മുന്നിലുമായി വലിയ തോതിൽ പഴുപ്പു കെട്ടിയതായി കണ്ടെത്തിയത്.
തുടർന്ന് ഇസോഫാഗോസ്കോപ്പിയിലൂടെ മുള്ള് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട്, ആശുപത്രിയിലെ ബ്രെയിൻ ആൻഡ് സ്പൈൻ സർജൻ ആയ ഡോ.ആൽഫ്രഡ് മൈക്കിളും സംഘവും ചേർന്നാണു ശസ്ത്രക്രിയ നടത്തിയത്. മീൻ മുള്ളും 25 മില്ലി ലീറ്റർ പഴുപ്പും പുറത്തെടുത്തു. ജോയി സുഖം പ്രാപിച്ചതായും ഭക്ഷണം കഴിച്ചു തുടങ്ങിയതിനാൽ 2 ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.
No comments
Post a Comment