ന്യൂനമര്‍ദ്ദം: കണ്ണൂർ ജില്ലയില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി
തെക്കുകിഴക്കന്‍ അറബിക്കടലില്‍ മെയ് 15 മുതല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ അതി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നുമുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയുടെ തീരദേശ മേഖലകളില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി.
ദുരന്ത സാധ്യത മുന്നില്‍ കണ്ട് താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വില്ലേജിലും ഡെപ്യൂട്ടി തഹസില്‍മാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. പൊതു ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വാഹന സൗകര്യം, ഫയര്‍ ഫോഴ്‌സ്, മറ്റ് അടിയന്തര സൗകര്യങ്ങള്‍ എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ അടിയന്തര സാചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 84ഓളം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായി വന്നാല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 04972 704969.
പയ്യന്നൂര്‍ താലൂക്കിലെ 22 വില്ലേജുകളിലും മൂന്നില്‍ കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍സിഡന്റ് കമാന്റിംഗ് സിസ്റ്റം പ്രാവര്‍ത്തികമാക്കാനുള്ള നടപടികളും ആരംഭിച്ചു. പയ്യന്നൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 04985 – 294844
തലശ്ശേരി താലൂക്കിലെ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ 0490-2343813.
തലശ്ശേരി തലായി ഭാഗത്തെ ഏതാനും വീടുകളില്‍ വേലിയേറ്റത്തെതുടര്‍ന്ന് വെള്ളം കയറിയെങ്കിലും നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലശ്ശേരി മുന്‍സിപ്പാലിറ്റിയിലെ ഒമ്പതാം വാര്‍ഡിലെ നാല് കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ അടുത്തുള്ള സ്‌കൂള്‍കളിലേക്കു ആളുകളെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ തലശ്ശേരി താലൂക്കില്‍ ക്യാമ്പുകള്‍ ഒന്നും തുറന്നിട്ടില്ല.
മെയ് 11ന് തലായി കടപ്പുറത്തു നിന്നും മത്സ്യ ബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവര്‍ പോയ ബോട്ടില്‍ വയര്‍ലെസ് സംവിധാനം ഇല്ലാത്തത്തിനാല്‍ യാതൊരു വിധ ആശയ വിനിമയത്തിനും സാധിച്ചിട്ടില്ല. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തഹസീല്‍ദാര്‍ പറഞ്ഞു.
No comments
Post a Comment