വാക്സിന്‍ ചാലഞ്ച്; കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി നല്‍കി
വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചെക്ക് കൈമാറി. വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഭരണകൂടങ്ങള്‍ എന്ന നിലയില്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നതെന്നും ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി ഒന്നാമതെത്താന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തദ്ദേശ സ്ഥാപന-എക്സൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജില്ലയിലെത്തിയ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കും എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെ വി സുമേഷിനും ജില്ലാ പഞ്ചായത്ത് സ്വീകരണം നല്‍കി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷനായി. കെ വി സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
The post വാക്സിന്‍ ചാലഞ്ച്; കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി നല്‍കി appeared first on Kannur Vision Online.
No comments
Post a Comment