Header Ads

  • Breaking News

    നിയമ സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ – ജാഗ്രതയോടെ കണ്ണൂര്‍ സിറ്റി പോലീസ്.

    വോട്ടെന്നാലിനോടനുബന്ധിച്ച് 02-05-2021 തിയ്യതി കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ പരിശോധനകള്‍ കര്‍ശനമാക്കും. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആയി വോട്ടെണ്ണല്‍ നടക്കുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന ചിന്മയ കോളേജ് ചിന്‍ ടെക്ക് ചാല, ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ് തലശ്ശേരി, നിര്‍മലഗിരി കോളേജ് കൂത്തുപറമ്പ എന്നിവിടങ്ങളിലായി പോലീസ്സിന്‍റെ 3 ലേയര്‍ പരിശോധന നടപടികള്‍ ഉണ്ടായിരിക്കും. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആള്‍ക്കാരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

    ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങളുടെ പരിശോധനയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ശക്തമായ പോലീസ് പരിശോധനയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 200 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരിക്കുക. വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ പരിശോധനയും ഉണ്ടായിരിക്കും. കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 62 പിക്കെറ്റ് പോസ്റ്റുകളും, കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 20 പിക്കെറ്റ് പോസ്റ്റുകളും, തലശ്ശേരി സബ്ബ് ഡിവിഷന്‍ പരിധിയില്‍ 24 പിക്കെറ്റ് പോസ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 7 മൊബൈല്‍ പട്രോള്‍ വാഹനവും, 7 ബൈക്ക് പട്രോളും, കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 17 മൊബൈല്‍ പട്രോള്‍ വാഹനവും 15 ബൈക്ക് പട്രോളും , തലശ്ശേരി സബ്ബ് ഡിവിഷന്‍ പരിധിയില്‍ 18 മൊബൈല്‍ പട്രോള്‍ വാഹനവും 24 ബൈക്ക് പട്രോളും ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടിക്കായി ഒരുക്കിയിട്ടുണ്ട്.

    സിറ്റി പോലീസ് കമ്മീഷണര്‍ ആസ്ഥാനത്ത് ലോ ആന്‍ഡ് ഓര്‍ഡര്‍ നിയന്ത്രിക്കുന്നതിന് ഒരു കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കേരള ഹൈ കോടതിയുടെയും, ഇലക്ഷന്‍ കമ്മിഷന്‍റെയും, സര്‍ക്കാറിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനകളും നിയമ നടപടികളും പോലീസ് കര്‍ശനമായി നടപ്പാക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS അറിയിച്ചു. കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 322 പോലീസ് ഉദ്യോഗസ്ഥരെയും, കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ പരിധിയില്‍ 90 പോലീസ് ഉദ്യോഗസ്ഥരെയും, തലശ്ശേരി സബ്ബ് ഡിവിഷന്‍ പരിധിയില്‍ 189 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആഹ്ളാദ പ്രകടനങ്ങള്‍, അനാവിശ്യ കൂടിച്ചേരലുകള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലെ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ പോലീസ് കര്‍ശനമായ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

    റീട്ടെര്‍ണിങ് ഓഫീസര്‍മാര്‍ നല്കിയ പാസ്സ് കൈവശമില്ലാത്തവരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ പരിസരത്തു പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. രാജ്യത്തൊട്ടാകെയുള്ള COVID-19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഘോഷം നിരോധിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മിഷന്‍ നേരത്തെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    ദേശീയ / സംസ്ഥാന രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോജിച്ചു നിർദ്ദേശങ്ങൾ ലഭിച്ച ശേഷം സംസ്ഥാനങ്ങളിലെ വിവിധ ചീഫ് ഇലക്ടറൽ ഓഫീസർമാരിൽ നിന്നും യുടിമാരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച ശേഷമാണ് ഇലക്ഷന്‍ കമ്മിഷന്‍ വിജയാഘോഷം നിരോധിച്ചുകൊണ്ട് ഉത്തരവായത്. ആയതിനാല്‍ 02.05.2021 നു വോട്ടെണ്ണലിന് ശേഷം വിജയിയെ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഒരു വിജയ ഘോഷയാത്രയും അനുവദിക്കുന്നതല്ല. അനാവശ്യമായി പൊതുസ്ഥലങ്ങളില്‍ പുറത്തിറങ്ങി ആള്‍ക്കൂട്ടം ഉണ്ടാക്കുകയും ചെയ്യുന്നവരെ കരുതല്‍ അറസ്റ്റ് (Preventive Arrest) ചെയ്യുകയും, അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങി നടക്കുന്നതു പോലീസ്സിന്‍റെ ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് അറിയിക്കുന്നു.

    ആരോഗ്യ വകുപ്പിന്‍റെയും പോലീസ്സിന്‍റെയും കോവിഡ് മാനദണ്ഡങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad