Header Ads

  • Breaking News

    ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍: ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 18 കടന്നാല്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍,നിയന്ത്രണ മാനദണ്ഡങ്ങള്‍ പുതുക്കി


    തിരുവനന്തപുരം: 

    കോവിഡ്‌ ഭീഷണിക്ക്‌ അയവില്ലാത്ത സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ (ടി.പി.ആര്‍) 18-ല്‍ കൂടുതലുള്ള തദ്ദേശ ഭരണ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍. മറ്റു സ്‌ഥലങ്ങളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഒരാഴ്‌ച കൂടി തുടരുമെന്നും അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
    സംസ്‌ഥാനത്തു ജൂണ്‍ 12-നു ശേഷം ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്‌ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. ടി.പി.ആര്‍. പത്തിനു മുകളിലുള്ള വിരലിലെണ്ണാവുന്ന സംസ്‌ഥാനങ്ങളുടെ പട്ടികയിലാണു കേരളം. ഇതു കണക്കിലെടുത്താണു മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കുന്നത്‌. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്നു നിലവില്‍ വരും.
    കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി ടി.പി.ആര്‍. ആറു ശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്‌. ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തില്‍ 473 തദ്ദേശ പ്രദേശങ്ങളാണുള്ളത്‌. പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ ടി.പി.ആറുള്ള 316 പ്രദേശങ്ങളുണ്ട്‌ (സി വിഭാഗം). 18 ശതമാനത്തിനു മുകളിലുള്ള 80 പ്രദേശങ്ങളിലാണ്‌ ഇന്നു മുതല്‍ ഒരാഴ്‌ചത്തേക്കു ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്‌. ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ അനുവദിക്കും.
    സംസ്‌ഥാനത്ത്‌ 29.75 വരെയെത്തിയ ടി.പി.ആര്‍. പത്തു ശതമാനം വരെ കുറഞ്ഞെങ്കിലും അതില്‍നിന്നു താഴേക്കു വരുന്നില്ല. ഒരാഴ്‌ചയായി രോഗികളുടെ എണ്ണം കാര്യമായി കുറയുന്നുമില്ല.

    കോവിഡ്‌ മരണം: മൃതദേഹം വീട്ടിലെത്തിക്കാന്‍ അനുമതി; ജപ്‌തി നിര്‍ത്തിവയ്‌ക്കും

    തിരുവനന്തപുരം: കോവിഡ്‌ ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ അനുമതി. ഉറ്റവരുടെ മൃതശരീരം കാണാന്‍ പോലും കഴിയാത്തതിന്റെ വൈകാരിക വശം കണക്കിലെടുത്താണു തീരുമാനം. ബന്ധുക്കള്‍ക്കു കാണാനും പരിമിതമായി മതാചാരങ്ങള്‍ നടത്താനുമായി മൃതദേഹം ഒരു മണിക്കൂറില്‍ത്താഴെ വീട്ടില്‍ വയ്‌ക്കാനാണ്‌ അനുമതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ ബാങ്ക്‌ വായ്‌പകളുടെ തിരിച്ചടവ്‌ മുടങ്ങിയിട്ടുണ്ടാകും. അതിന്റെ ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കി.
    റൂട്ടിന്റെ സവിശേഷതകള്‍ പരിശോധിച്ച്‌ അത്യാവശ്യത്തിനു ബസുകള്‍ ഓടിക്കാന്‍ കലക്‌ടര്‍മാര്‍ നടപടിയെടുക്കും. ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. കോവിഡ്‌ മൂന്നാം വ്യാപനം പ്രതീക്ഷിക്കുന്നതിനാല്‍ റെയില്‍വേ സ്‌റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകളിലും പരിശോധന ശക്‌തിപ്പെടുത്തും.
    ഹോം സ്‌റ്റേകള്‍, സര്‍വീസ്‌ വില്ലകള്‍, ഗൃഹശ്രീ യൂണിറ്റുകള്‍, ഹൗസ്‌ ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്‌റ്റ്‌ ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരിലെ 18- 45 പ്രായത്തിലുള്ളവരെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
    ഓഫീസുകളിലും സ്‌ഥാപനങ്ങളിലും എല്ലാവര്‍ക്കും മാസ്‌ക്‌ നിര്‍ബന്ധമാണ്‌. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം.

    ഉപയോഗം 30 യൂണിറ്റ്‌ വരെയെങ്കില്‍ സൗജന്യ വൈദ്യുതി

    തിരുവനന്തപുരം: കോവിഡ്‌ പശ്‌ചാത്തലത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവുകള്‍ക്കു തീരുമാനം. വൈദ്യുതി ഉപയോഗം കുറഞ്ഞ വീടുകള്‍ക്കും ലോക്ക്‌ഡൗണിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്കുമാണു കെ.എസ്‌.ഇ.ബിയുടെ ഇളവുകള്‍.
    500 വാട്ട്‌സ്‌ വരെ കണക്‌ടഡ്‌ ലോഡുള്ളതും പ്രതിമാസ ശരാശരി ഉപയോഗം 30 യൂണിറ്റ്‌ വരെയുമുള്ള ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു വൈദ്യുതി സൗജന്യമായി നല്‍കും. ഇത്രയും കണക്‌ടഡ്‌ ലോഡുള്ള, 20 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്നവര്‍ക്കു സര്‍ക്കാര്‍ സബ്‌സിഡിയോടെ വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതിയാണ്‌ 30 യൂണിറ്റ്‌ വരെയുള്ളവര്‍ക്കുകൂടി ബാധകമാക്കുന്നത്‌. 1000 വാട്ട്‌സ്‌ വരെ കണക്‌ടഡ്‌ ലോഡും പ്രതിമാസം 40 യൂണിറ്റ്‌ വരെ ഉപയോഗമുള്ളതുമായ ബി.പി.എല്‍. ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌ ഒരു യൂണിറ്റിന്‌ 1.50 രൂപ എന്ന നിരക്ക്‌ ഇതേ കണക്‌ടഡ്‌ ലോഡില്‍ പ്രതിമാസം 50 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്നവര്‍ക്കു കൂടി അനുവദിക്കും.
    വാണിജ്യ / വ്യാവസായിക ഉപയോക്‌താക്കള്‍ക്ക്‌ 2021 മേയിലെ ഫിക്‌സഡ്‌ / ഡിമാന്‍ഡ്‌ ചാര്‍ജില്‍ 25 ശതമാനം ഇളവ്‌ നല്‍കും. സിനിമാ തിയറ്ററുകള്‍ക്കു മേയിലെ ഫിക്‌സഡ്‌ / ഡിമാന്‍ഡ്‌ ചാര്‍ജില്‍ 50 ശതമാനം ഇളവ്‌. ബാക്കിയുള്ള തുക സെപ്‌റ്റംബര്‍ 30-നു മുമ്പ്‌ പലിശയില്ലാതെ മൂന്നു തവണയായി അടയ്‌ക്കാം. ഈ കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചവര്‍ക്കു തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കും

    No comments

    Post Top Ad

    Post Bottom Ad