വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കാമുകിയും ക്വട്ടേഷൻ സംഘാംഗങ്ങളും അറസ്റ്റിൽ
വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകനെ മർദ്ദിക്കാൻ നാൽപ്പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ കാമുകിയും ക്വട്ടേഷൻ സംഘാംഗങ്ങളും അറസ്റ്റിൽ. മയ്യനാട് സങ്കീർത്തനയിൽ ലെൻസി ലോറൻസ് (30), വർക്കല കണ്ണബ പുല്ലാനിയോട് മാനസ സരസിൽ അനന്ദു (21), ആയിരൂർ തണ്ടിൽവീട്ടിൽ അമ്പു (33) എന്നിവരാണ് അറസ്റ്റിലായത്. നാല് പ്രതികൾ ഒളിവിലാണ്.
ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വർക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മർദിച്ച് അവശരാക്കി വഴിയിൽ ഉപേക്ഷിച്ചത്. മർദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മർദിച്ചതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: മറ്റൊരു കല്യാണാലോചന വന്നതിനെ തുടർന്ന് ശാസ്താംകോട്ട സ്വദേശിയും കാമുകനും മൈക്രോ ഫിനാൻസ് ബാങ്ക് ഉദ്യോഗസ്ഥനുമായ ഗൗതമുമായി ലെൻസി പിണങ്ങി. തുടർന്ന് ഗൗതമിനെ മർദ്ദിക്കുന്നതിനും ലെൻസിയുടെ കൈയിൽ നിന്ന് വാങ്ങിയ പണവും മൊബൈൽ ഫോണും തിരികെ വാങ്ങുന്നതിനുമാണ് സുഹൃത്തായ അനന്ദുവിന് ക്വട്ടേഷൻ നൽകിയത്. പതിനായിരം രൂപ അഡ്വാൻസും നൽകി.
അനന്ദു തന്റെ സഹോദരൻ വിഷ്ണുവിനെ ഭീഷണിപ്പെടുത്തി സുഹൃത്തായ ഗൗതമിനെ വർക്കല അയിരൂരിൽ വിളിച്ചുവരുത്തി. ഇവിടെത്തിയ ക്വട്ടേഷൻ സംഘം ഗൗതമിനെ ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോണും കൈയിലുണ്ടായിരുന്ന കാശും പിടിച്ചുപറിച്ചു. തുടർന്ന് വിഷ്ണുവും ഗൗതമും ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ലെൻസിയെ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളിൽ നിന്നുമാണ് പിടികൂടിയത്.
നാല് മുതൽ ഏഴ് വരെയുള്ള പ്രതികളും വർക്കല സ്വദേശികളുമായ അരുൺ, മഹേഷ്, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരാണ് ഒളിവിലുള്ളത്. പ്രതികളെ അറസ്റ്റ് ചെയ്തതത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments
Post a Comment