കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സ്ത്രീപീഡനക്കേസുകള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികള്‍ പരിഗണനയില്‍
സ്ത്രീപീഡനക്കേസുകളിലെ കുറ്റവാളികള്‍ക്ക് അതിവേഗ ശിക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനവും ചൊക്ലി പോലിസ് സ്‌റ്റേഷനും ഉള്‍പ്പെടെ സംസ്ഥാനത്തെ 15 പോലിസ് സേനാ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധന പീഡനവും മറ്റ് ഗാര്‍ഹിക പീഡനങ്ങളും കാരണം പെണ്‍കുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്ന ഒരു നാടായി നമ്മുടെ കേരളം മാറിക്കൂടെന്ന് അദ്ദേഹം പറഞ്ഞു. ഗൗരവപ്പെട്ട പ്രശ്‌നമെന്ന നിലയില്‍ ഇതിനെതിരേ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പോലിസിന് കൂടുതല്‍ ഫലപ്രദമായ ഇടപടല്‍ നടത്താനാവും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും പൂര്‍ണമായി ഇല്ലാതാക്കാന്‍ പോലിസിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് പോലിസ് നിലകൊള്ളുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാകണം. ക്രമസമാധാന പാലനത്തിലും കേസന്വേഷണത്തിലും കേരള പോലിസ് കൈവരിച്ച മികച്ച നേട്ടങ്ങള്‍ രാജ്യം തന്നെ അംഗീകരിച്ചതാണ്. അടിസ്ഥാന വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരള പോലിസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാങ്ങാട്ടുപറമ്പ് റൂറല്‍ പോലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള ദുരന്തങ്ങളെ അതിജീവിക്കുന്നതില്‍ കേരള പോലിസിന്റെ സേവനം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയാണ് ഇന്ന് പോലിസില്‍ ഏറെയും. അത് പോലിസ് സേനയുടെ കാര്യക്ഷമതയില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ, കണ്ണൂര്‍ ഡിഐജി കെ സേതുരാമന്‍, റൂറല്‍ എസ്പി നവനീത് ശര്‍മ, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. കെഎപി നാലാം ബറ്റാലിയനില്‍ പോലിസ് പരിശീലനത്തിനായി പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി റോഡില്‍ നിര്‍മിച്ച കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാരുടെ ഓഫീസുകളും ഒരു കോണ്‍ഫറന്‍സ് ഹാളുമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നീ നാല് സബ് ഡിവിഷനുകളിലായി 19 പോലിസ് സ്‌റ്റേഷന്‍ പ്രദേശങ്ങളാണ് റൂറല്‍ എസ്പിയുടെ കീഴില്‍ വരുന്നത്.
The post കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Kannur Vision Online.
No comments
Post a Comment