കണ്ണൂരിന്റെ ഗതാഗത കുരുക്കഴിക്കല്‍ ലക്ഷ്യപദ്ധതിയായി നടപ്പിലാക്കും: മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്
മലബാര്‍ ടൂറിസം വികസന പാക്കേജ് നടപ്പിലാക്കും
ഉത്തര മലബാറിന്റെ വികസനത്തിന് തന്നെ വിലങ്ങുതടിയായി നില്‍ക്കുന്ന കണ്ണൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കെണ്ടത്തുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് പൊതു മരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളെടുത്താല്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കണ്ണൂര്‍ നഗരം. ഇത് കണ്ണൂരിന്റെ മാത്രമല്ല, വടക്കെ മലബാറിന്റെ തന്നെ വികസനത്തിനുള്ള പ്രധാന തടസ്സമായി നില്‍ക്കുകയാണ്. ഇതിന് പരിഹാരം കാണുകയെന്നത് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യപദ്ധതികളിലൊന്നായാണ് കാണുന്നതെന്നും മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, മേലെ ചൊവ്വ അണ്ടര്‍ പാസ്, കണ്ണൂര്‍ ഫ്‌ളൈഓവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അതീവ പ്രാധാന്യത്തോടെ നടപ്പിലാക്കും.
വിനോദ സഞ്ചാര രംഗത്ത് അനന്ത സാധ്യതകളുള്ള ജില്ലയാണ് കണ്ണൂര്‍ ആ സാധ്യതകള്‍ കോര്‍ത്തിണക്കി മലബാര്‍ ടൂറിസം വികസന പാക്കേജ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഉള്‍പ്പെടെ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് വലിയ പ്രാധാന്യമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. അതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോവും. ഭൂരിപക്ഷം ജീവനക്കാരും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ചെറു ന്യൂനപക്ഷം സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുകയാണ്. അത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഇതിന് ജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പൊതുമരാമത്ത് പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനുള്ള പിഡബ്ല്യുഡി ഫോര്‍യു ആപ്പ് നിലവില്‍ വന്നു. ഇപ്പോള്‍ നടക്കുന്ന ട്രയല്‍ റണ്ണിനും നല്ല പ്രതികരണമുണ്ട്. റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ തയ്യാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. വകുപ്പിന് കീഴില്‍ ജില്ലകളില്‍ നടക്കുന്ന പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് സംസ്ഥാന തലത്തില്‍ പ്രത്യേക സംവിധാനം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത്, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങളും ആവശ്യങ്ങളും എംഎല്‍എമാര്‍ ഉന്നയിച്ചു. വിമാനത്താവള റോഡുകള്‍, മലയോര ഹൈവേ, കെഎസ്ടിപി റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍, പാലങ്ങളുടെ നിര്‍മാണം, ഇവയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. അതോടൊപ്പം തദ്ദേശ സ്ഥാപന റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പുതിയ പാലങ്ങളുടെ നിര്‍മാണം, റോഡുകളുടെ വികസനം, ജില്ലയിലെ ടൂറിസം മേഖലയിലെ വികസന സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള അടിയന്തര പരിഹാര നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ യോഗം താമസിയാതെ ചേരുമെന്നും മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി ഐ മധുസൂദനന്‍, കെ പി മോഹനന്‍, കെ വി സുമേഷ്, സണ്ണി ജോസഫ്, സജീവ് ജോസഫ്, എം വിജിന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി മധുസൂദനന്‍, കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ പ്രതിനിധി പി പുരുഷോത്തമന്‍, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി ജാഫര്‍ മാലിക്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരായ വിശ്വപ്രകാശ്, പി കെ മിനി തുടങ്ങിയവര്‍ പങ്കെടുത്തു. മേലെ ചൊവ്വ അണ്ടര്‍ പാസ്, കണ്ണൂര്‍ ഫ്‌ളൈഓവര്‍ പദ്ധതി പ്രദേശങ്ങള്‍, പുതിയതെരു എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
No comments
Post a Comment