Header Ads

  • Breaking News

    സുഖ പ്രസവം അത്ര സുഖകരമാണോ? സാധാരണ പ്രസവം അഥവാ സുഖപ്രസവം എങ്ങനെ സാധിക്കുന്നു?


    37 ആഴ്ച ഗര്‍ഭം തികഞ്ഞതിനു ശേഷം സാധാരണ രീതിയില്‍ പ്രസവിക്കുന്നതിനെയാണ് സാധാരണ പ്രസവം (normal deliverey) അഥവാ സുഖപ്രസവം എന്ന് പറയുന്നത്. സാധാരണ പ്രസവം എന്നത് കൂടുതല്‍ ഉചിതം. പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരികെ വീട്ടില്‍ പോകുമ്പോഴെ സുഖപ്രസവം എന്ന വാക്ക് അന്വര്‍ത്ഥമാകു.

    സുഖപ്രസവം / സാധാരണ പ്രസവം ആര്‍ക്കൊക്കെയാണ് സാധ്യത എന്ന് നോക്കാം: · പ്രസവസംബന്ധമായതോ അല്ലാതെയോ ഉള്ള അസുഖങ്ങള്‍ ഇല്ലാത്തവര്‍, ഉദാഹരണത്തിന്: പ്രമേഹം, പ്രഷര്‍ എന്നിവ.· അഥവാ അസുഖം ഉള്ളവര്‍ അത് നിയന്ത്രണത്തിലാക്കി, തനിയെ വേദന വരികയോ, മരുന്ന് വച്ച് വേദന വരുത്തി പ്രസവിക്കുന്നവര്‍.· അനസ്‌തേഷ്യയുടെ സഹായമില്ലാതെ വേദന സഹിച്ച് പ്രസവിക്കുന്നവര്‍ക്കും അത് സുഖപ്രസവം ആണ്.· Epidural അനസ്‌തേഷ്യ എടുത്ത് വേദന രഹിതമായി പ്രസവിക്കുന്നവര്‍ക്കും അത് സുഖപ്രസവമാണ്.

    പ്രസവ മുറിയിലെ അലറിവിളിയുടെ ഇടയില്‍ ഗര്‍ഭിണിയെ അനുനയിപ്പിച്ച് പെടാപ്പാടുപെട്ട് പ്രസവിപ്പിച്ച് വെളിയില്‍ വരുമ്പോള്‍ ലേബര്‍ റൂമിനു വെളിയില്‍ ഇരിക്കുന്ന കൂട്ടിരിപ്പുകാര്‍ ചോദിക്കും ‘സുഖപ്രസവമായിരുന്നോ?..’ തെല്ല് വിഷമത്തോടെയെങ്കിലും പറയും ‘അതെ’ എന്ന്. ഈ അവസരങ്ങളില്‍ ചിന്തിച്ച് പോകും സാധാരണ പ്രസവം അല്ലെങ്കില്‍ നോര്‍മല്‍ ഡെലിവറി എന്ന വാക്ക് അല്ലേ ഉചിതമെന്ന്. നോര്‍മല്‍ ഡെലിവറി / സാധാരണ പ്രസവം അഥവാ സുഖപ്രസവം എങ്ങനെ സാധിക്കുന്നു എന്ന് നോക്കാം: 37 ആഴ്ച തികഞ്ഞതിനുശേഷം പ്രസവവേദന തന്നേ തുടങ്ങുകയോ, വെള്ളം പൊട്ടി പോവുകയോ ചെയ്യാം. വെള്ളം പൊട്ടിപ്പോയാല്‍ സാധാരണ രണ്ടു മണിക്കൂറിനുള്ളില്‍ വേദനയും തുടങ്ങും. വെള്ളം പൊട്ടിപ്പോയി വേദന വന്നില്ലെങ്കില്‍ മരുന്ന് വെച്ച് – ഗുളിക ആയിട്ടോ ട്രിപ്പ് ഇട്ടോ വേദന വരുത്താറുണ്ട്.

    പ്രസവ വേദന വരാത്തവര്‍ക്ക് എന്ത് ചെയ്യും:
    വേറെ രോഗങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് 40 ആഴ്ച വരെ കാത്തിരിക്കാം. അതിനുശേഷം വേദന വരുത്താനായിട്ടുള്ള മരുന്നുകള്‍ – ഗുളിക ആയിട്ടോ ട്രിപ്പ് ആയിട്ടോ നല്‍കാറുണ്ട്. ഗുളികകള്‍ കഴിക്കാനോ ഉള്ളിലോ വയ്ക്കാം. പലപ്പോഴും ഗുളികകളാണ് ട്രിപ്പിനേക്കാള്‍ ഫലപ്രദം. 4 മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ ഇടവേളകളില്‍ അഞ്ചു പ്രാവശ്യമെങ്കിലും മരുന്ന് വയ്ക്കും. വേദന തുടങ്ങുകയാണെങ്കില്‍ വെള്ളം പൊട്ടിച്ച് വിട്ട് ട്രിപ്പ് ഇടാറുണ്ട്. വേദന ഒട്ടും വരാത്തവര്‍ക്ക് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തൃപ്തികരമാണെങ്കില്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മരുന്ന് ആവര്‍ത്തിക്കാം.

    വേദന വന്നതിനു ശേഷം ആദ്യത്തെ പ്രസവത്തിന് എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ ആകാം. വേദന സഹിക്കാന്‍ പറ്റാത്തവര്‍ക്ക് epidural anaesthesia നല്ല പ്രയോജനപ്പെടും. വേദന സഹിക്കാന്‍ പറ്റാതെ സിസേറിയന്‍ ആക്കുന്നത് ഇതുവഴി കുറയ്ക്കാം. Epidural anaesthesia വളരെ പ്രയോജനപ്പെടുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ആ സൗകരമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം.

    സുഖപ്രസവത്തിന്റെ ഗുണങ്ങള്‍:
    പ്രസവത്തിന് ശേഷം എത്രയും വേഗം സാധാരണ രീതിയില്‍ ആകുന്നതു കൊണ്ട് സ്വന്തം കാര്യവും കുഞ്ഞിന്റെ കാര്യവും മറ്റൊരാളുടെ സഹായമില്ലാതെ നോക്കാന്‍ പറ്റും. Infection rate കുറവായിരിക്കും. സര്‍ജറി സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കുറവായിരിക്കും· അധികം ചിന്തിക്കാത്ത, എന്നാല്‍ ഏറ്റവും പ്രധാനമായ ഒരു ഗുണമുണ്ട് ആദ്യം സിസേറിയന്‍ ആയാല്‍ രണ്ടാമത്തേതും സിസേറിയന്‍ ആകാനാണ് സാധ്യത.

    രണ്ടു സര്‍ജറികള്‍ കഴിയുമ്പോള്‍ അവയവങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാന്‍ (adhesion) സാധ്യത വളരെയേറെയാണ്. അതുകൊണ്ട് ഭാവിയില്‍ എന്തെങ്കിലും സര്‍ജറി വേണ്ടി വന്നാല്‍ വയറ് തുറക്കുമ്പോള്‍ കുടലും മൂത്രസഞ്ചിയുമെല്ലാം മുറിവ് ഉണ്ടാകാനും അത് അപകടകരമാ കാനും സാധ്യതയുണ്ട്.

    അതുപോലെതന്നെ ഭാവിയില്‍ ഹെര്‍ണിയ, വയറുവേദന എന്നിവ ഉണ്ടാകാനും ഇടയുണ്ട്. അതുകൊണ്ട് ആദ്യത്തെ പ്രസവം, സമയമെടുത്ത് ക്ഷമയോടെ കാത്തിരുന്ന് സാധാരണ പ്രസവമാക്കുന്നതാണ് നല്ലത്.
    അത്ര സുഖകരമല്ലാത്ത അവസ്ഥയാണ് സാധാരണ പ്രസവം എങ്കിലും സഹകരിച്ച്, സമാധാനത്തോടെ, ക്ഷമയോടെ കാത്തിരുന്ന് പ്രസവിച്ചാല്‍, അത് ഭാവിയില്‍ സുഖകരമായിരിക്കും; അപ്പോള്‍ നാം മനസ്സിലാക്കും സാധാരണ പ്രസവം സുഖമായിരുന്നു എന്ന്.

    Dr. Simi Haris
    Consultany Gynecologist and Infertility Specialist
    SUT Hospital, Pattom – Ph: 6238449732

    No comments

    Post Top Ad

    Post Bottom Ad