18 കോടിയുടെ മരുന്ന് മൂന്നാഴ്ചയ്ക്കകം എത്തിക്കാൻ ശ്രമം;മുഹമ്മദിന്റെ രക്തം ഹോളണ്ടിലേക്ക് അയക്കും
കണ്ണൂർ:
സ്പൈനൽ മസ്‌കുലാർ അട്രോഫി(എസ്.എം.എ.)എന്ന അപൂർവ രോഗം ബാധിച്ച മാട്ടൂൽ സെൻട്രലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിനുള്ള 18 കോടിയുടെ മരുന്ന് മൂന്നാഴ്ചയ്ക്കകം അമേരിക്കയിൽനിന്ന് എത്തിക്കാൻ നീക്കം തുടങ്ങി.
റഫീഖ്, മറിയുമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടുപേർക്കും രോഗം ബാധിച്ചിരുന്നു. സഹോദരനുവേണ്ടി സഹായമഭ്യർഥിക്കുന്ന, വീൽച്ചെയറിലായ അഫ്രയുടെ സങ്കടം ലോകം കേട്ട് ഏഴു ദിവസത്തിനകം 18 കോടിയും കടന്ന് പണമെത്തി. അധികപണം ഉപയോഗിച്ച് അഫ്രയ്ക്കും അത്യാവശ്യ ചികിത്സ നൽകാൻ പറ്റുമെന്നു ചികിത്സക്കമ്മിറ്റി ഭാരവാഹികൾ പറയുന്നു. എം. വിജിൻ എം.എൽ.എ.യും മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ഫാരീസയും അടങ്ങുന്ന കമ്മിറ്റിയാണ് ഫണ്ട് പിരിവിന് നേതൃത്വം നൽകിയത്.
മുഹമ്മദിന്റെ രക്തം ഹോളണ്ടിലേക്ക് പരിശോധനയ്ക്കായി അയക്കും. തുടർന്ന് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കും. ചികിത്സ അമേരിക്കയിൽ വേണമെന്നുണ്ടെങ്കിൽ അങ്ങോട്ടുപോകും.
സോൾജെൻസ്മ എന്ന ഈ വിലകൂടിയ ഒറ്റ കുത്തിവെപ്പ് എടുക്കുന്നതോടെ രോഗം പൂർണമായി ഭേദമാവുമെന്നാണ് പറയുന്നത്. മുൻപ് കേരളത്തിൽ രണ്ടു കുട്ടികൾക്ക് ഈ മരുന്ന് നൽകിയിട്ടുണ്ട്. അത് സൗജന്യമായിരുന്നു. മുഹമ്മദിനോട് ലോകം കാണിച്ച കാരുണ്യത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു.
മുഹമ്മദിനെ ചികിത്സിക്കുന്ന കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിലെ ഡോ. സമിലു മോഹൻലാൽ ആണ് അപൂർവ മരുന്ന് നിർദേശിച്ചത്. 2020 ഒക്ടോബറിൽ മലപ്പുറത്തെ ഒരു രോഗിക്കുവേണ്ടി ഈ മരുന്നു ഡോക്ടറുടെ ഇടപെടലിൽ സൗജന്യമായി ലഭിച്ചിരുന്നു.
മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ, കെ.പി. മുഹമ്മദലി, സി.പി അബ്ബാസ് ഹാജി, പി.വി. ഇബ്രാഹിം എന്നിവരാണ് ചികിത്സാസഹായ കമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾ.
No comments
Post a Comment