പുതിയതെരു ഗതാഗതകുരുക്ക്; അടിയന്തര ഇടപ്പെടലിന് 27 ലക്ഷം രൂപ അനുവദിച്ചു
പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ (ജൂലൈ 14) ചേര്‍ന്ന സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി യോഗമാണ് തുക അനുവദിച്ചത്. പാപ്പിനിശ്ശേരി ക്രിസ്ത്യന്‍ പള്ളി മുതല്‍ വളപട്ടണം പാലം ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് സിംഗിള്‍ ലൈന്‍ ട്രാഫിക് നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. കെ വി സുമേഷ് എംഎല്‍എയുടെ ഇടപടെലിനെ തുടര്‍ന്നാണ് നടപടി.
പുതിയതെരുവിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നേരത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വിശദമായ യോഗം ചേരുകയും പ്രശ്‌ന പരിഹാരത്തിനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വാഹനങ്ങള്‍ ലെയിന്‍ തെറ്റിച്ച് വരുന്നത് വളപട്ടണം പാലത്തിന് സമീപം കെഎസ്ടിപി റോഡുമായി ചേരുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ കാരണമാവുന്നതായി യോഗം വിലയിരുത്തുകയും ഇവിടെ സിംഗിള്‍ ലെയിന്‍ ട്രാഫിക് രീതി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജില്ലയിലെത്തിയ വേളയില്‍ പുതിയതെരു ഗതാഗതക്കുരുക്കിന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അതുപ്രകാരം മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിക്ക് എംഎല്‍എ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപ അനുവദിച്ചത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുന്ന് കെ വി സുമേഷ് എംഎല്‍എ അറിയിച്ചു.
No comments
Post a Comment