അഴീക്കല്‍ തുറമുഖ വികസനം; മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് രേഖ കൈമാറി
തുറമുഖ വികസനത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് കെ വി സുമേഷ്
അഴീക്കല്‍ തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. തുറമുഖത്തോട് ചേര്‍ന്നുള്ള നാല് ഏക്കര്‍ 70 സെന്റ് സ്ഥലത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള 30 സെന്റ് കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതോടെയാണിത്. അഴീക്കല്‍ നോര്‍ത്ത് വില്ലേജില്‍പ്പെട്ട ഏറ്റെടുത്ത ഭൂമിയുടെ രേഖ കെ വി സുമേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ എല്‍എ സ്പെഷ്യല്‍ തഹസില്‍ദാര്‍ വി കെ ഷാജി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി സുനില്‍ കുമാറിന് കൈമാറി. അഴീക്കല്‍ പ്രദേശത്തിന്റെയും ജില്ലയുടെ തന്നെയും പുരോഗതിയില്‍ നാഴികക്കല്ലായി മാറുന്ന അഴീക്കല്‍ തുറമുഖ വികസനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ സാധ്യമായതെന്ന് കെ വി സുമേഷ് അഭിപ്രായപ്പെട്ടു. ഭൂമി പൂര്‍ണ്ണമായി ഏറ്റെടുത്തതോടെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ സുപ്രധാന ഘട്ടം പൂര്‍ത്തിയായി. ഇനിയുള്ള നാളുകള്‍ അഴീക്കല്‍ തുറമുഖ വികസനത്തിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി ഏറ്റെടുത്ത 30 സെന്റിലെ താമസക്കാരായ മൂന്ന് കുടുംബത്തിന് തൊട്ടടുത്ത സ്ഥലത്ത് മൂന്ന് സെന്റ് വീതം പകരം ഭൂമിയും നഷ്ടപരിഹാരത്തുകയും ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.
2007ലാണ് തുറമുഖ വികസനത്തിനാവശ്യമായ നാല് ഏക്കര്‍ 70 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. തുറമുഖ വികസനത്തിനാവശ്യമായ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇതില്‍ നാല് ഏക്കര്‍ 40 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നുവെങ്കിലും തുറമുഖത്തോട് ചേര്‍ന്നു കിടക്കുന്ന 30 സെന്റ് ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തുറമുഖ വികസനം തടസ്സപ്പെടുകയായിരുന്നു.
തുറമുഖ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ ജൂണ്‍ 14ന് ഹാര്‍ബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക താല്‍പര്യമെടുത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി രേഖ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് കൈമാറുകയായിരുന്നു. അഴീക്കോട് നോര്‍ത്ത് വില്ലേജിലെ റീസര്‍വേ നമ്പര്‍ 141/4, 142, 143/1എ, 144/4എ, 144/2 എന്നിവയില്‍പ്പെട്ട 1.9005 ഹെക്ടര്‍ ഭൂമിയാണ് തുറമുഖ വികസനത്തിനായി ഏറ്റെടുത്തത്.
അഴീക്കല്‍ പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എംഎല്‍എ, മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, അംഗം കെ സി ഷദീറ, എല്‍എ സ്പെഷ്യല്‍ തഹസില്‍ദാര്‍ വി കെ ഷാജി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പി സുനില്‍ കുമാര്‍, ഹാര്‍ബര്‍ വാര്‍ഫ് സൂപ്പര്‍വൈസര്‍ ഇ പി നമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
The post അഴീക്കല്‍ തുറമുഖ വികസനം; മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് രേഖ കൈമാറി appeared first on Kannur Vision Online.
No comments
Post a Comment