Header Ads

  • Breaking News

    തോന്നിയത്‌ പോലെ ഡബിൾ മാസ്ക്‌ വെച്ചാൽ ഓക്സിജൻ ലെവൽ താഴ്‌ന്ന് ഐസിയുവിൽ ആകാൻ സാധ്യതയുണ്ട്‌: അനുഭവം പങ്കുവെച്ച്‌ ഡോക്ടർ



    ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിമുറുക്കുമ്പോള്‍ മാസ്ക് സാനിറ്റെെസര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡിന്റെ പല വകഭേദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെെറസില്‍ നിന്ന് രക്ഷനേടാന്‍ മാസ്ക് വയ്ക്കുക എന്നതാണ് ഇപ്പോള്‍ നാം എല്ലാവരും ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോഴിതാ മാസ്ക് തെറ്റായ രീതിയില്‍ ധരിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നത്തെക്കുറിച്ചാണ് ഡോ. ജിതേഷ്‌ പറയുന്നത്.

    ഡബിൾ മാസ്ക് വച്ച് കുറച്ചു ദൂരം ബൈക്കിൽ സഞ്ചരിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളുമായി ഒപി യിലേക്ക് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ വന്നു. അത് തന്നെയാണോ കാരണമെന്നറിയാൻ വീണ്ടും അതേപോലെ മാസ്ക് ധരിപ്പിച്ചു നോക്കിയപ്പോൾ ഓക്സിജൻ ലെവലിൽ പ്രകടമായ വ്യതാസം ശ്രദ്ധിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ വീണ്ടും അതേ അസ്വസ്ഥതകൾ കാണിക്കുകയും ചെയ്തു.

    ത്രീ ലെയർ സർജിക്കൽ മാസ്കിന് മുകളിൽ ഒരു N95 മാസ്കാണ് പുള്ളി ധരിച്ചിരുന്നത്. ഇത്തരം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പൊടാത്ത ചിലരിലും തെറ്റായ രീതിയിൽ ഡബിൾ മാസ്ക് ധരിച്ചു കഴിഞ്ഞ് ഓക്സിജൻ ലെവൽ താഴേക്ക് പോകുന്നത് കണ്ടിട്ടുണ്ട്.

    CDC കഴിഞ്ഞ ജനുവരിയിൽ ഡമ്മികളിൽ നടത്തിയ ഒരു പഠനം അനുസരിച്ചാണ് ഡബിൾ മാസ്ക്, പകർച്ച സാധ്യത കൂടുതലുള്ള കോവിഡിൽ കൂടുതൽ ഗുണം ചെയ്യും എന്ന ആശയം വന്നത്. സർജിക്കൽ മാസ്ക് ധരിക്കുമ്പോഴുള്ള വിടവുകൾ നികത്താൻ മുകളിൽ തുണി മാസ്ക് ധരിക്കാനാണ് നിർദേശം.

    എന്നാൽ ഇവിടെ ആളുകൾ ധരിക്കുന്നത് ഏതെങ്കിലും രണ്ടു മാസ്ക് എന്ന അർത്ഥത്തിലാണ്. (രണ്ടു സർജിക്കൽ മാസ്ക്, രണ്ടു തുണി മാസ്ക്, N95 ന് മുകളിൽ തുണി മാസ്ക്, സർജിക്കൽ മാസ്ക്കിന്‌ മുകളിൽ N95, ഇങ്ങനെ പലവിധത്തിലുണ്ട്. N95 ന്റെ കൂടെ മറ്റു മാസ്കുകൾ ഉപയോഗിക്കരുത് എന്ന് ചിത്ര സഹിതം ഗൈഡ്ലൈനുകളിൽ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

    നേരാംവണ്ണം ഉപയോഗിക്കുകയാണെങ്കിൽ കുറച്ചു മണിക്കൂറുകൾ തുടർച്ചയായി N95 മാസ്ക് ധരിക്കുക ആർക്കും പ്രയാസമാണ്. ഇവിടെ എത്രയോ കാലമായി പൊതുജനങ്ങൾ വ്യാപകമായി N95 വെക്കുന്നുണ്ട്. (കാഴ്ചയിൽ N95 ആയ എല്ലാം അത് തന്നെയാണോ എന്ന് അറിയില്ല)

    അതിൽ സ്വന്തം മുഖത്തിന് അനുയോജ്യമായ സൈസ് ഉപയോഗിക്കുന്നവർ ഒരു ചെറിയ ശതമാനം മാത്രമേ വരൂ. അല്ലാത്തവർക്ക് അതുകൊണ്ട് പ്രത്യേകിച്ച് കാര്യം ഉണ്ടോ എന്ന് തന്നെ സംശയമാണ്. ഡബിൾ മാസ്ക് നിയമം വന്നതിൽ പിന്നെ രണ്ട് N95 മാസ്ക് ധരിച്ച് നടക്കുന്ന കുറെ പേരെയും കാണുന്നുണ്ട്!! (അങ്ങനെയുള്ളവർക്ക് മൂക്കിനുള്ളിൽ പഞ്ഞി കുത്തി കയറ്റിയാലും ശ്വസിക്കാൻ കഴിയില്ലേ എന്ന് ചിന്തിക്കാറുണ്ട് ) പിച്ച വച്ചു നടക്കുന്ന കൊച്ചുകുട്ടികളെ രണ്ടുമാസ്ക് ധരിപ്പിച്ചു കൊണ്ട് നടക്കുന്നത്, കാണാൻ സുഖമുള്ള കാര്യമല്ല.

    തുണി മാസ്കിന് ‘അന്തസ്സ്’ കുറവായത് കൊണ്ടാവാം പലരും സർജിക്കൽ മാസ്കിന് മുകളിൽ N95 തന്നെ ധരിക്കുന്നത്. പതിവായി അങ്ങനെ ജോലിക്ക് പോകുന്ന ഒരു സെയിൽസ് എക്സിക്യൂട്ടീവ് പറഞ്ഞത്, ഓക്സിജന്റെ അളവ് കുറയുമ്പോൾ പുള്ളി സ്വയം തിരിച്ചറിയും. ആ സമയത്ത് രണ്ടുമാസ്കും കുറച്ചുനേരം താഴ്ത്തി വെക്കും എന്നാണ്!.

    വായും മൂക്കും കൃത്യമായി മൂടുന്ന വിധത്തിൽ സിംഗിൾ മാസ്ക് ധരിക്കുന്ന ആളുകൾ തന്നെ കുറവാണ്. അല്ലാത്തവർ ഒരെണ്ണം കൂടെ ധരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലെന്ന് മാത്രമല്ല, ഭാരം കൊണ്ട് ഇടയ്ക്കിടെ മാസ്ക് മൂക്കിനു താഴേക്കു പോകുന്നത് കാണാം. പോലീസിനെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം രണ്ടു മാസ്ക്കുകൾ വെക്കുന്നവരാണ് കൂടുതലും.

    ഇൻഡോർ സ്ഥലങ്ങളിൽ ഇടപഴകുമ്പോഴാണ് മാസ്കും ഡബിൾ മാസ്കും ഏറ്റവും ആവശ്യം. അവിടെ പോലീസ് വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്, പലരും ഒരെണ്ണമെടുത്ത് പോക്കറ്റിൽ ഇടുന്നു. അല്ലെങ്കിൽ രണ്ടും താഴ്ത്തുന്നു. മാസ്കിന് മുകളിൽ ഹെൽമെറ്റും ധരിച്ച് പോകുന്ന ബൈക്ക് യാത്രക്കാരാണ് ഡബിൾ മാസ്കിന്റെ പേരിൽ ഏറ്റവും കൂടുതൽ ഫൈൻ കൊടുക്കേണ്ടി വരുന്നത് എന്നതാണ് വിരോധാഭാസം!

    കേരളത്തിൽ കോവിഡിന്റെ കാര്യത്തിൽ പീക്ക് എന്ന ഘട്ടം എന്നോ കടന്നുപോയ സ്ഥിതിക്ക്, ഇനിയും അനിശ്ചിതമായ കാലത്തേക്ക് ഡബിൾ മാസ്ക് എന്ന നിർബന്ധം തുടരേണ്ടതുണ്ടോ എന്ന് ചിന്തിക്കാവുന്നതാണ്. മാസ്ക് നിർബന്ധവും, ഡബിൾ മാസ്ക് പൗരന്റെ ഉത്തരവാദിത്വവും എന്ന രീതിയാണ് അഭികാമ്യം.

    ഇപ്പോഴും സിംഗിൾ മാസ്ക് നേരാം വണ്ണം വെക്കാനറിയാത്ത ആരോഗ്യപ്രവർത്തകരുടെയും പ്രൊഫഷണലുകളുടെയും എണ്ണം ഒരുപാട് കൂടുതലുള്ളിടത്ത് ഡബിൾ മാസ്ക് എല്ലാവർക്കും നിർബന്ധമാക്കുന്നതിന്റെ പ്രായോഗികതയാണ് പ്രശ്നം. ശാസ്ത്രവും പ്രായോഗികതയും തമ്മിലുള്ള ദൂരം തിരിച്ചറിഞ്ഞില്ലെങ്കിൽ ശാസ്ത്രം പറയാനേ കൊള്ളൂ, പ്രയോഗത്തിൽ വരുത്താനാവില്ല. ഈ തിരിച്ചറിവോടെ നടപ്പാക്കപ്പെടുന്ന നിർദ്ദേശങ്ങളാണ് ഇനി ആവശ്യം.

    No comments

    Post Top Ad

    Post Bottom Ad