സിറ്റി റോഡ് പദ്ധതി: ആദ്യ ഘട്ടത്തില്‍ ഏഴ് റോഡുകള്‍ വികസിപ്പിക്കും- മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
നാല് റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ ഒക്ടോബറോടെ പൂര്‍ത്തിയാക്കും
കണ്ണൂര്‍ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതോടൊപ്പം നഗരത്തിന്റെ മുഖഛായ മാറ്റുന്ന സിറ്റി റോഡ് വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള റോഡ് ഫണ്ട് ബോര്‍ഡ് നടപ്പിലാക്കുന്ന 738 കോടി രൂപയുടെ പദ്ധതിയില്‍ ആകെയുള്ള 11 റോഡുകളില്‍ ഏഴ് റോഡുകളുടെ പ്രവൃത്തി ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കും. ഇതില്‍ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമായി വരുന്ന നാല് റോഡുകളിലെ ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഒക്ടോബറോടെ ഭൂമി ഏറ്റെടുത്ത് കൈമാറും. ബാക്കിയുള്ള നാല് റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് താമസിയാതെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന് 337 കോടി രൂപയും റോഡ് നിര്‍മാണത്തിന് 401 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഡിബിഎഫ്ഒടി (ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍) മാതൃകയില്‍ മൂന്ന് വര്‍ഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. 15 കൊല്ലത്തേക്ക് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന വ്യവസ്ഥയോടെയാണ് പദ്ധതി നടപ്പിലാക്കുക.
കാല്‍ടെക്‌സ് ഫ്‌ളൈ ഓവറും മേലെ ചൊവ്വ അടിപ്പാതയും ഉള്‍പ്പെടെയുള്ളതാണ് സിറ്റി റോഡ് വികസന പദ്ധതി.
ദേശീയപാത മന്ന ജങ്ങ്ഷന്‍ മുതല്‍ ചാല ജങ്ങ്ഷന്‍ വരെയുള്ള 12.745 കിലോ മീറ്റര്‍, പൊടിക്കുണ്ട് റോഡ് ജങ്ങ്ഷന്‍ മുതല്‍ കൊറ്റാളി റോഡ് ജങ്ങ്ഷന്‍ വരെയുള്ള 1.44 കിലോ മീറ്റര്‍, തയ്യില്‍ മുതല്‍ തെഴുക്കിലപീടിക വരെയുള്ള 2.18 കിലോമീറ്റര്‍ റോഡ്, മുനീശ്വരന്‍ കോവിലില്‍ തുടങ്ങി പ്ലാസ ജങ്ങ്ഷന്‍ വഴി മുനീശ്വരന്‍ കോവിലില്‍ അവസാനിക്കുന്ന 3.1 കിലോമീറ്റര്‍ ഇന്നര്‍ റിംഗ് റോഡ്, പട്ടാളം റോഡ് മുതല്‍ പൊലീസ് ക്ലബ് ജങ്ങ്ഷന്‍ വരെയുള്ള 0.99 കിലോമീറ്റര്‍, എസ്പിസിഎ ജങ്ങ്ഷന്‍ മുതല്‍ എകെജി ആശുപത്രി വരെയുള്ള 0.96 കിലോമീറ്റര്‍ ജയില്‍ റോഡ്, കുഞ്ഞിപ്പള്ളി മുതല്‍ പുല്ലൂപ്പി വരെയുള്ള 1.65 കിലോമീറ്റര്‍ എന്നീ ഏഴ് റോഡുകളാണ് ആദ്യ ഘട്ടത്തില്‍ വികസിപ്പിക്കുക.
കൊറ്റാളി ജങ്ങ്ഷന്‍ മുതല്‍ കണ്ണോത്തുംചാല്‍ ജങ്ങ്ഷന്‍ വരെയുള്ള 7.04 കിലോ മീറ്റര്‍ മിനി ബൈപ്പാസ്, ചാലാട് മുതല്‍ കുഞ്ഞിപ്പള്ളി വരെയുള്ള 4.7 കിലോ മീറ്റര്‍, കക്കാട് ജങ്ങ്ഷന്‍ മുതല്‍ മുണ്ടയാട് പൗള്‍ട്രി ഫാം വരെയുള്ള 2.81 കിലോമീറ്റര്‍, പ്ലാസ ജങ്ങ്ഷന്‍ മുതല്‍ ജെടിഎസ് വരെയുള്ള 6.45 കിലോമീറ്റര്‍ എന്നീ നാല്് റോഡുകള്‍ രണ്ടാം ഘട്ടത്തിലും വികസിപ്പിക്കും. റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്,ജില്ലാ കലക്ടര്‍ ടി വി സുഭാഷ്,
ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, ഡിഡിസി സ്‌നേഹില്‍ കുമാര്‍ സിംഗ്, കെആര്‍എഫ്ബി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി ദേവേഷ്, അസിസ്റ്റന്റ് പ്രൊജക്ട് മാനേജര്‍ എന്‍ മുഹമ്മദ് സിനാന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
The post സിറ്റി റോഡ് പദ്ധതി: ആദ്യ ഘട്ടത്തില്‍ ഏഴ് റോഡുകള്‍ വികസിപ്പിക്കും- മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Kannur Vision Online.
No comments
Post a Comment