Header Ads

  • Breaking News

    രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റ് അവസാനത്തോടെ; ഐസിഎംആര്‍



    ദില്ലി: 

    ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം ഘട്ടമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം തലവന്‍ ഡോ. സമീരന്‍ പാണ്ഡ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    രൂപമാറ്റം വന്ന വൈറസായിരിക്കും മൂന്നാംതരംഗത്തില്‍ ഉണ്ടാവുക. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ അപകടം വരുത്തുമെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ഐ.എം.എയും നേരത്തെ മുന്നറയിപ്പ് നല്‍കിയിരുന്നു.

    നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുകയെന്ന് അവര്‍ വിശദീകരിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ ജനങ്ങളാര്‍ജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, ഒരു കാരണമാകാം. ”അങ്ങനെ പ്രതിരോധശേഷി കുറഞ്ഞാല്‍, മൂന്നാം തരംഗമുണ്ടായേക്കാം”, ഡോ. സമീരന്‍ പാണ്ഡ പറയുന്നു.

    രണ്ടാമത്തേത്, ജനങ്ങളുടെ ആര്‍ജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടര്‍ന്നു പിടിക്കുന്നതാകാം. മൂന്നാമത്തേത്, ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വ്യാപകമായി പടര്‍ന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കില്‍ മൂന്നാം തരംഗം സംഭവിക്കാം. നാലാമത്തേത്, സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ നേരത്തേ പിന്‍വലിക്കുകയാണെങ്കില്‍ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നല്‍കുന്നു.

    കൊവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നത് മൂന്നാം തരംഗം വേഗത്തിലാക്കും. ഒന്നും രണ്ടും ഘട്ടത്തിലൂടെ ആര്‍ജിച്ചെടുത്ത പ്രതിരോധശേഷിയെ അതിജയിക്കുന്ന വൈറസ് വകഭേദം ഉണ്ടായിത്തീരുന്നതും മൂന്നാം തരംഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

    കൊവിഡ് മുന്നറിയിപ്പുകള്‍ ജനങ്ങള്‍ വകവെക്കുന്നില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. കാലാവസ്ഥ പ്രവചനം കേള്‍ക്കുന്ന പോലെയാണ് ആളുകള്‍ കോവിഡ് മുന്നറിയിപ്പുകളെ കാണുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഡെല്‍റ്റ വകഭേദം ഉരുത്തിരിഞ്ഞ കാരണം, മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിലേക്ക് ലോകം കടന്നതായി ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad