Header Ads

  • Breaking News

    മനുഷ്യരേ നന്ദി, ഭൂമിയുടെ അവകാശിയാക്കിയതിന്‌



    വാഹനം കയറി ഗുരുതര പരിക്കേറ്റ  പെരുമ്പാമ്പ്  പ്രകൃതി സ്‌നേഹികളുടെ കനിവിൽ ലോക പാമ്പുദിനത്തിൽ സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മടങ്ങും. ഒമ്പതുമാസംമുമ്പ്‌   തലയ്ക്ക് സാരമായി പരിക്കേറ്റ പെരുമ്പാമ്പിനെയാണ്‌ ചികിത്സയ്ക്കുശേഷം  തിരികെ വിടുന്നത്‌. ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെയും പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്ക്‌ ജീവനക്കാരുടെയും പരിശ്രമഫലമാണ്‌ പെരുമ്പാമ്പ്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയത്‌.  താടിയെല്ലുകൾ നുറുങ്ങിയ പെരുമ്പാമ്പിന്‌  ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. പൂർണ ആരോഗ്യത്തോടെയാണ് മടക്കം. 

    ഒക്ടോബർ 21-ന് പുലർച്ചെ താഴെചൊവ്വയിലാണ്‌ രാത്രി പട്രോളിങ്ങിനുപോയ പൊലീസുകാർ ലോറി കയറി അവശനിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്‌. പൊലീസുകാർ മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ രഞ്ജിത്ത് നാരായണനെ വിവരമറിയിച്ചു. താടിയെല്ല് 12 കഷണമായി നുറുങ്ങിയ നിലയിലായിരുന്നു. പെരുമ്പാമ്പിനെ മയക്കി ജില്ലാ വെറ്ററിനറി ആശുപത്രിയിലെ ഡോ. ഷെറിൻ ശസ്ത്രക്രിയ നടത്തി എല്ലുകൾ കൂട്ടിച്ചേർക്കുകയായിരുന്നു. തുടർചികിത്സക്കും പരിചരണത്തിനും പ്രത്യേക കൂട്ടിലാക്കി പറശ്ശിനിക്കടവ്‌ സ്‌നേക്ക്‌ പാർക്കിലേക്ക്‌ മാറ്റി. ക്യൂറേറ്റർ നന്ദൻ വിജയകുമാറും സൂ കീപ്പർ ജയേഷുമായിരുന്നു പാമ്പിന്റെ പരിചരണം.  
    വെള്ള എലി, കോഴി തുടങ്ങിയവയെ ആദ്യ നാളുകളിൽ തീറ്റയായി നൽകിയെങ്കിലും പ്രതികരിച്ചില്ല. മാസങ്ങൾക്കുശേഷം ഇരയെടുത്തുതുടങ്ങി. തലയുടെ എക്സ്റേ എടുത്തപ്പോൾ എല്ലുകൾ കൂടിച്ചേർന്നു വരുന്നതായി കണ്ടെത്തി.  
    കഴിഞ്ഞ മാസം പതിവുരീതിയിൽ ഭക്ഷണം കഴിച്ചതോടെ പൂർണ ആരോഗ്യത്തിലേക്ക്‌ തിരിച്ചെത്തി.  ഇരതേടാനും പ്രതിരോധിക്കാനുമുള്ള ശേഷി  തിരിച്ചുകിട്ടിയെന്ന്‌ ഉറപ്പാക്കിയാണ്‌ പാമ്പിനെ കാട്ടിലേക്ക്‌ വിടുന്നത്. മാർക്ക് പ്രവർത്തകർ കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ച പെരുമ്പാമ്പിനെ വനം മന്ത്രി എ കെ ശശീന്ദ്രൻ കണ്ടു. വെള്ളിയാഴ്ച പെരുമ്പാമ്പിനെ കാട്ടിലേക്ക് വിടും. 


    No comments

    Post Top Ad

    Post Bottom Ad