കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല മലയാളികള്‍ക്കഭിമാനം: മുഖ്യമന്ത്രി
ജില്ലാ ടിബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ സെന്ററിന്റെ നവീകരിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം ലോകമെങ്ങുമുള്ള മലയാളികള്‍ക്കഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പള്ളിക്കുന്നില്‍ ജില്ലാ ടിബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ സെന്ററിന്റെ നവീകരിച്ച കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി 25 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ അന്‍പത് ആരോഗ്യസ്ഥാപനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളുടെയും ഒരു കൂട്ടം പുതിയ പദ്ധതികളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയതെന്നും നിപ, പ്രളയം,കൊവിഡ് തുടങ്ങിയ പ്രതിസന്ധികളെ നേരിട്ട് ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതി കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാതൃകാപരമായ തയ്യാറെടുപ്പുകളിലൂടെ നടത്തിയ പ്രവര്‍ത്തനരീതി കൊണ്ടാണ് ഇത് സാധ്യമായത്. ഇതേ കാഴ്ചപ്പാടിലൂടെയാണ് ഈ സര്‍ക്കാരും മുന്നോട്ടു പോവുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ആര്‍ദ്രം മിഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഭരണ കാലത്ത് 856 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇവയില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് സ്ഥാപനങ്ങളുടെ ഉദ്ഘാടനം കൂടി നിര്‍വഹിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ജില്ലയിലെ ടിബി, എയ്ഡ്സ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുകയാണ് ജില്ലാ ടിബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതല. പരിമിതമായ സൗകര്യങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടിബി സെന്റര്‍ പള്ളിക്കുന്നിലെ ജെ പി എച്ച് എന്‍ ട്രെയിനിംഗ് ‘സെന്റര്‍ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2018-19 വര്‍ഷത്തെ ആര്‍ ഒ പി യില്‍ ഉള്‍പ്പെടുത്തിയാണ് 75 ലക്ഷം രൂപ ചെലവില്‍ ടിബി സെന്റര്‍ കെട്ടിടം നവീകരിച്ചത്. ക്ഷയരോഗ – നെഞ്ച് രോഗ പരിശോധന ഒ പി വിഭാഗം, എക്സ് റേ, ലബോറട്ടറി, ഇ സി ജി സൗകര്യങ്ങള്‍, സൗജന്യ ടിബി മോളിക്യുലാര്‍ പരിശോധന, എന്‍ടി ഇ പി, എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി സേവനങ്ങള്‍, പരിശീലനങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് സ്റ്റെപ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സെന്‍ട്രല്‍ ടി ബി ഡിവിഷന്‍ നല്‍കിയ ഡിജിറ്റല്‍ എക്സ്റേ മെഷീനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. നവീകരിച്ച ടി ബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ സെന്റര്‍ കെട്ടിടത്തിന്റെ ശിലാഫലകം കെ വി സുമേഷ് എംഎല്‍എ അനാച്ഛാദനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടിബി ട്രൈബല്‍ ന്യൂട്രീഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആദിവാസി വിഭാഗത്തിലെ ടി ബി ബാധിതരായവര്‍ക്കാണ് പ്രതിമാസം 1600 ഓളം രൂപ വിലവരുന്ന പോഷക ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്. 40 ഓളം ഭക്ഷ്യ കിറ്റുകളാണ് നല്‍കുന്നത്.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. മന്ത്രിമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ തുടങ്ങിയവരും വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എം എല്‍ എ മാരും ജില്ലാ കലക്ടര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
പള്ളിക്കുന്നില്‍ നടന്ന പരിപാടിയില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍, കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വികെ സുരേഷ് ബാബു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ എം കെ ഷാജ്, ജില്ലാ ടിബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ജി അശ്വിന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
No comments
Post a Comment