ഭര്‍തൃമതിയായ യുവതിയെ 20 ഓളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
ബേക്കല്‍:
ഉദുമയില്‍ ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി 20 ഓളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഗഫൂറിനെ (32) യാണ് കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2020 സെപ്തംബറിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ 18 പേര്‍ ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ചു എന്ന് പറഞ്ഞ് യുവതി പൊലീസിനെ സമീപിച്ചത്. 18 പേര്‍ പ്രതിയായിരുന്ന കേസില്‍ പിന്നീട് 2 പേര്‍ കൂടി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു.
എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതി ഹൈകോടതിയെ സമീപിച്ചു. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ടീമിന് അന്വേഷണം കൈമാറണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആലക്കോട് സ്റ്റേഷനിലെ സിഐ കെ വിനീഷ്കുമാര്‍, എഎസ്‌ഐ കെ പ്രകാശന്‍, പരിയാരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് കുന്നൂല്‍, സിവില്‍ പൊലീസ് ഓഫീസര്‍ കെ ഷീന എന്നിവരടങ്ങിയ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.കാസര്‍കോട്ടെ പൊലീസുകാരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. മറ്റു പ്രതികള്‍ ഗള്‍ഫിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി ടി പി പ്രേമരാജന്‍ പറഞ്ഞു.
No comments
Post a Comment