Header Ads

  • Breaking News

    രജിസ്‌ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ ശ്രദ്ധേയമാവുന്നു



    പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏറെ ശ്രദ്ധ നേടുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ വ്യാജ മുദ്രപത്രങ്ങള്‍ പൂര്‍ണമായും തടയുവാന്‍ കഴിഞ്ഞു. ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായി പണമടച്ച് മുദ്രപത്രം ഡൗണ്‍ലോഡ് ചെയ്യാം എന്നതാണ് ഇ-സ്റ്റാമ്പിംഗിന്റെ പ്രത്യേകത. ഇടനിലക്കാരില്ലാതെ നേരിട്ട് മുദ്രപത്രങ്ങള്‍ ലഭിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. രജിസ്‌ട്രേഷന്‍ വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഒടുക്കുന്നതിന് ഇ-പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സ്‌പെഷല്‍ മാര്യേജ് രജിസ്‌ട്രേഷന്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 


    പൊതുജനങ്ങള്‍ക്ക് ആധാരം എഴുത്തുകാര്‍ മുഖേനയല്ലാതെ ആധാരങ്ങള്‍ സ്വയം തയാറാക്കി രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനവും ശ്രദ്ധേയമാകുന്നു. ജില്ലയില്‍ ഇതുവരെ 92 പേര്‍ സ്വയം ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ 19 തരം മാതൃകാ ആധാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ഇവയില്‍ ആവശ്യമായ മാതൃക ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ ചേര്‍ത്ത് ആധാരം സ്വയം തയാറാക്കി രജിസ്റ്റര്‍ ചെയ്യാം. ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചൂഷണങ്ങള്‍ക്ക് അറുതി വരുത്തിയെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടം. ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും www.keralaregistration.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ചിട്ടി രജിസ്‌ട്രേഷന്‍, സൊസൈറ്റി രജിസ്‌ട്രേഷന്‍, ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍, പാര്‍ട്ണര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ എന്നിവയും ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. പഴയ ആധാരങ്ങള്‍ ഡിജിറ്റല്‍ പതിപ്പുകളാക്കുന്ന സംവിധാനവും രജിസ്‌ട്രേഷന്‍ വകുപ്പ് നടത്തുന്നുണ്ട്. ഈ സേവനത്തിന് 310 രൂപയാണ് വകുപ്പ് ഈടാക്കുന്നത്.  കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ ആധാരങ്ങളില്‍ മുദ്രവില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കിയതില്‍ 24.70 ലക്ഷം രൂപ ജില്ലയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് വരുമാനം ലഭിച്ചു. 


    ഭൂമി ഇടപാടുകള്‍ക്ക് സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും നടപ്പിലാക്കി. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ആധാരങ്ങളും രജിസ്‌ട്രേഷന് ശേഷം ഓണ്‍ലൈനായി വില്ലേജ് ഓഫീസുകളിലേക്ക് പോക്കുവരവിനായി നല്‍കുകയാണ് ചെയ്യുന്നത്. ഇതിനായി റവന്യു വകുപ്പിന്റെ RELIS സംവിധാനവും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ PEARL സംവിധാനവും സംയോജിപ്പിച്ചാണ് ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ളത്. ആധാരവും ഇതുമായി ബന്ധപ്പെട്ട ഫോമുകളുമായി പോക്കുവരവ് ചെയ്യുന്നതിന് ജനങ്ങള്‍ വില്ലേജ് ഓഫീസുകളിലേക്ക് എത്തേണ്ട സ്ഥിതി ഇപ്പോഴില്ല. ആധാരം രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ ഇതിന്റെ പകര്‍പ്പുകളും ബന്ധപ്പെട്ട രേഖകളും വില്ലേജ് ഓഫീസുകളില്‍ എത്തും. നിശ്ചിത സമയത്തിനുള്ളില്‍ ഈ രേഖകള്‍ ഉപയോഗിച്ച് ഭൂമി പോക്കുവരവ് ചെയ്തു നല്‍കേണ്ട ഉത്തരവാദിത്വം വില്ലേജ് ഓഫീസര്‍ക്കാണ്. 

    No comments

    Post Top Ad

    Post Bottom Ad