Header Ads

  • Breaking News

    പബ്ജി കളിക്കാൻ അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽനിന്നു പിൻവലിച്ചത് വൻ തുക



    കോഴിക്കോട്: 

    പബ്ജി കളിക്കാൻ അമ്മ അറിയാതെ അക്കൗണ്ടിൽനിന്നു മക്കൾ പിൻവലിച്ചത് വൻ തുക. ഓൺലൈൻ ഗെയിം കളിക്കാനായി ഒരു ലക്ഷത്തിലധികം രൂപയാണ് മക്കൾ പിൻവലിച്ചത്. അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതായി കാണിച്ച് വീട്ടമ്മ കോഴിക്കോട് സൈബർ സെല്ലിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മക്കൾ ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.

    ഒൻപതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ചേർന്നാണ് പണം ചെലവഴിച്ചത്. ഓൺലൈൻ പഠനത്തിനാണ് മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയതെന്ന് വീട്ടമ്മ പറഞ്ഞു. ഇവരുടെ ഭർത്താവ് വിദേശത്താണ്. നിരോധിച്ച ഓൺലൈൻ ഗെയിമായ ‘പബ്ജി’യാണ് ഇവർ കളിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

    അമ്മയുടെ ഇന്റർനെറ്റ് ബാങ്കിങ് പാസ്‍വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മ പോലീസിൽ പരാതി നൽകിയപ്പോഴും കുട്ടികൾ ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad