100 ദിനം പൂര്‍ത്തിയാക്കി രണ്ടാം പിണറായി സര്‍ക്കാര്‍
വിവാദങ്ങളില്‍ മുങ്ങി രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു നാള്‍ പിന്നിടുന്നു.തുടക്കം മുതല്‍ നിരവധി വിവാദങ്ങളാണ് സര്‍ക്കാരിന് വെല്ലുവിളിയായത്. കൊവിഡ് വ്യാപനം മുതല്‍ മുട്ടില്‍ മരംമുറി വരെ സര്‍ക്കാരിന് തലവേദനയായി. സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ കെ റെയിലിനും നോളജ് മിഷനും സിപിഐഎമ്മിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുമില്ല
തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെയാണ് മേയ് 20ന് പിണറായി മന്ത്രിസഭ അധികാരമേറ്റത്. വ്യാപിക്കുന്ന കൊവിഡിനെ പ്രതിരോധിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. നൂറു നാള്‍ പിന്നിടുമ്പോഴും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മുട്ടില്‍ മരംമുറി വിവാദമായത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ഉന്നതര്‍ ഉള്‍പ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷം ആരോപണവുമായെത്തി. കരുവന്നൂരടക്കം ചില സഹകരണ സംഘങ്ങളിലെ അഴിമതിയും സര്‍ക്കാരിനു തലവേദനയായി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നീട്ടിയ പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി വീണ്ടും നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചില്ല. മുട്ടിലിഴഞ്ഞും മുടി മുറിച്ചും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ കണ്ണീരോടെ മടങ്ങി. കൊവിഡ് കാലത്ത് പൊലീസ് വ്യാപക പിഴ ഈടാക്കിയതിനെതിരായ വിമര്‍ശനങ്ങളും വരുമാനം നിലച്ചപ്പോള്‍ ആത്മഹത്യ ചെയ്തവരും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
കുണ്ടറ സ്ത്രീ പീഡന വിഷയത്തില്‍ പരാതി പിന്‍വലിക്കാന്‍ ഇടപെട്ടെന്ന ശബ്ദരേഖയിലൂടെ ഫോണ്‍ ഇത്തവണയും മന്ത്രി എ.കെ ശശീന്ദ്രന് കെണിയായി. സഖ്യകക്ഷിയായ ഐഎന്‍എല്‍ പിളര്‍ന്നതും തെരുവില്‍ തമ്മിലടിച്ചതും നൂറു ദിവസത്തിനിടെയാണ്. കിറ്റെക്‌സ് വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പ്രതിപക്ഷം ആയുധമാക്കി. നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വിചാരണ തുടരാമെന്ന സുപ്രിംകോടതി വിധിയും സര്‍ക്കാരിന് തിരിച്ചടിയായി. പാരിസ്ഥിതിക അനുമതി ലഭിച്ചില്ലെങ്കിലും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ 2464.94 കോടി രൂപയുടെ നൂറു ദിന പദ്ധതി മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
No comments
Post a Comment