കാമുകിക്ക് 2 കുട്ടികളുണ്ട്, കേസിൽ കുടുക്കിയാൽ പ്രശ്നമാകും: കാമുകൻ കേണപേക്ഷിച്ചപ്പോൾ എക്‌സൈസിന്റെ മനസ്സലിഞ്ഞു
കൊച്ചി:
കാക്കനാട് മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ എക്‌സൈസ് ഒഴിവാക്കിയത് കാമുകനായ പ്രതിയുടെ നിരന്തരമായ അപേക്ഷയ്ക്ക് പിന്നാലെയെന്ന് റിപ്പോർട്ട്. കേസിൽ ഒരു യുവതി അടക്കം ഏഴു പേരെയായിരുന്നു കസ്റ്റഡിയിലെടുത്തത്. കേസിൽ നിന്നും തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് മുഖ്യപ്രതി എക്സൈസിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം അപ്പാർട്ട്‌മെന്റിൽ വന്നപ്പോഴാണ് റെയ്ഡ് നടന്നതെന്നും യുവാവ് പറയുന്നു.
കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസിൽ കുടുക്കിയാൽ ഇവരുടെ കാര്യം കഷ്ടമാകുമെന്നുമായിരുന്നു യുവാവ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ ഇവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ തീരുമാനിക്കുകയായിരുന്നു. യുവതിയെ കൂടാതെ മറ്റൊരാളെ
കൂടെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല.
അതേസമയം കേസിൽ അഞ്ചു പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടന്നും ലഹരി മരുന്നിന്‍റെ ഉറവിടം കണ്ടെത്തണമെന്നുമാണ് എക്സൈസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെയും കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
No comments
Post a Comment