മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തെ 24 ന്യൂസ് ചാനൽ സസ്പെന്‍ഡ് ചെയ്തു
മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ 24 ന്യൂസ് ചാനലിന്റെ മലബാര്‍ റീജനല്‍ ചീഫ് ദീപക് ധര്‍മ്മടത്തിനെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു. ദീപക്കിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് റിപ്പോര്‍ട്ടര്‍ അർജുൻ മട്ടന്നൂരിനാണ് നിലവില്‍ കോഴിക്കോട് ബ്യൂറോയുടെ ചുമതല.
മരംകൊള്ള കേസ് അട്ടിമറിക്കുന്നതിൽ ദീപക്കിന്റെ പങ്ക് വെളിപ്പെടുത്തുന്ന വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടും പ്രതികളുമായുള്ള ദീപക്കിന്റെ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണ രേഖകളും ബുധനാഴ്ച്ച പുറത്തുവന്നതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ചാനല്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതതമായത്.
കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകന്‍ ആയിരുന്ന എന്‍.ടി സാജനും കേസിലെ പ്രതികളും തമ്മില്‍ നാലു മാസത്തിനിടെ 86 തവണ ഫോണിൽ സംസാരിച്ചതായും മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ ഫോണിൽ വിളിച്ചതായും വനം വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മരം മുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കള്ളക്കേസിൽ കുടുക്കാൻ സാജനും ആന്‍റോ അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധര്‍മ്മടവും ഒരു സംഘമായി പ്രവർത്തിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്ന ഫോണ്‍ വിളി വിവരങ്ങള്‍.
വയനാട് മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്റെ പേരിൽ കേസെടുത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കുടുക്കുകയായിരുന്നു. സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയിലാണ് എൻ.ടി സാജൻ സമീറിനെതിരെ റിപ്പോർട്ട് നൽകിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്‍റോ അഗസ്റ്റിനും തമ്മിൽ 12 തവണ ഫോണിൽ സംസാരിച്ചു. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ നൽകിയ വിവരമനസുരിച്ച് സമീറിനെതിരെ കള്ളകേസ് എടുക്കുകയായിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ട്.
മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയുമായി ബന്ധപ്പെട്ടിരുന്നു. ഈ ദിവസം ആന്‍റോ അഗസ്റ്റിനും ദീപകും തമ്മില്‍ അഞ്ച് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
No comments
Post a Comment