അച്ഛന്‍ വഴിയില്‍ വീണുമരിച്ചു; 3 വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മൃതദേഹത്തിനരികെ കഴിഞ്ഞത് മൂന്നു മണിക്കൂര്‍
പറവൂര്‍:
റിസോര്‍ട്ടിലെ ഗെയ്റ്റിനു മുന്നിലെ വഴിയില്‍ വീണുമരിച്ച അച്ഛന്റെ മൃതദേഹത്തിനരികെ മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ കഴിഞ്ഞത് മൂന്നു മണിക്കൂറോളം. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിനു മുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെ ഏക മകന്‍ ജിതിന്‍ (29) ആണ് മരിച്ചത്.
ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്ന കാഴ്ച മാതൃഭൂമി ഏജന്റായ അണ്ടിപ്പിള്ളിക്കാവ് ചുള്ളിക്കാട്ട് സി.ടി. രാധാകൃഷ്ണനാണ് ആദ്യം കണ്ടത്. പുലര്‍ച്ചെ ആറിന് പത്രവിതരണത്തിനിടെയാണിത് കണ്ടത്. കുട്ടികള്‍ രണ്ടും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. കൈ രണ്ടും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ജിതിന്റെ ശരീരമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ച വീടിന്റെ വാതില്‍ തുറന്നുകിടന്നിരുന്നു. കോളിങ് ബെല്‍ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടര്‍ന്ന് പരിസരത്തെ വീടുകളില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചിട്ട് മൂന്നു മണിക്കൂറിലേറെ പിന്നിട്ടിരുന്നു.
റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ഇവര്‍ ജോലി സംബന്ധമായി ബെംഗളരൂവിലാണ്. ആറു ദിവസം മുന്‍പാണ് വി.പി. തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ ജിതിനും മക്കളും താമസിക്കാന്‍ എത്തിയത്. ഇവര്‍ കുടുംബമായി ഇവിടെ എത്തുക പതിവുണ്ട്. പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് സി.സി. ടി.വി. ദൃശ്യങ്ങളില്‍ കാണാം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിന്‍ വീണുമരിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
ജിതിന്റെ പിതാവ് ജോര്‍ജ് വിദേശത്താണ്. മാതാവ് ലിസിമോള്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസറാണ്. ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കലൂരില്‍ സ്വന്തമായി വീടുണ്ട്. എന്നാല്‍, കാക്കനാട് വാടകവീട്ടിലാണ് താമസം. അവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മക്കളോടൊത്ത് റിസോര്‍ട്ടില്‍ എത്തിയത്. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
No comments
Post a Comment