ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലും വികസിപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ചുരുങ്ങിയത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മലനിരകളും അറബിക്കടലും നദികളും കായലും കണ്ടലും ഉള്‍പ്പെടെ പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ കണ്ണൂരിന്റെ വിനോദ സഞ്ചാര സാധ്യത അനന്തമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടത്തിയ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദ സഞ്ചാര ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം നേടിയെടുക്കാന്‍ കണ്ണൂരിന് കഴിയും. ഇക്കാലത്ത് നാടിന്റെ വികസനത്തിന് ടൂറസത്തെ മാറ്റി നിര്‍ത്താനാവില്ല. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ തിരിച്ചുകൊണ്ടുവരണം. പ്രാദേശിക ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാവുക.
കാഴ്ചകളുടെ വൈവിധ്യം മാത്രമല്ല,
കലാ സംസ്‌കാരിക പൈതൃകങ്ങള്‍, ഭക്ഷണ രീതികള്‍, പുരാതന കേന്ദ്രങ്ങള്‍, ചരിത്ര ശേഷിപ്പുകള്‍, കാര്‍ഷിക രീതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി വേണം ഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാന്‍. പ്രദേശവാസികള്‍ക്കു കൂടി നേട്ടങ്ങള്‍ ലഭിക്കുന്ന രീതിയിലാവണം ടൂറിസം വികസനം.
പ്രാദേശിക സവിശേഷതകള്‍ക്ക് അനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തി മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ജില്ലയെ മാറ്റിയെടുക്കണം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി എയര്‍പോര്‍ട്ടില്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ടി വി പ്രശാന്ത്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments
Post a Comment