Header Ads

  • Breaking News

    ഓണാഘോഷം: ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം- കലക്ടര്‍

    കൊവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഓണക്കാലത്ത് പട്ടണങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    തദ്ദേശസ്ഥാപനങ്ങളും പൊലീസും ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനകളും നടപടിയും സ്വീകരിക്കണം. ഓണക്കാല തെരുവ് കച്ചവടത്തിന്റെ പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കരുത്. തെരുവോര കച്ചവടത്തിന് ആവശ്യമെങ്കില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങളും ആള്‍ക്കുട്ടം ഒഴിവാക്കി കച്ചവടം നടത്താനുള്ള സംവിധാനങ്ങളും ഒരുക്കാവുന്നതാണ്.

    ഇതിനായി രജിസ്ട്രേഷന്‍ അടക്കമുളള ക്രമീകരണങ്ങളും ഏര്‍പ്പെടുത്താം. ഇങ്ങനെ പൊതുസ്ഥലങ്ങളിലും ചന്തകളിലും അനിയന്ത്രിത ആള്‍ക്കുട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുളള പ്രായോഗിക നടപടികള്‍ കൈക്കൊള്ളണം. പൊലീസിന്റെ സഹായത്തോടെ ഫലപ്രദമായ രീതിയില്‍ ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
    വിവാഹം, ഗൃഹപ്രവേശം തുടങ്ങി വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ഇടപടല്‍ തദ്ദേശസ്ഥാപനങ്ങളും ആര്‍ആര്‍ടികളും പൊലീസും പ്രത്യേക ശ്രദ്ധയോടെ നടത്തണം. പൊതു പരിപാടികളിലും ആള്‍ക്കുട്ടം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഭാവിയില്‍ രോഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ ഇത്തരം നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ഓരോരുത്തരും സ്വയം ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

    No comments

    Post Top Ad

    Post Bottom Ad