കുടുംബശ്രീയുടെ ലേബലില്‍ ശര്‍ക്കരവരട്ടി; സിപിഐഎം നേതാക്കള്‍ക്ക് സസ്‌പെന്‍ഷനും താക്കീതും
ചെറുവത്തൂർ:
ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശര്‍ക്കരവരട്ടിയെ ചൊല്ലിയുള്ള വിവാദത്തില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. സിപിഐഎം മാണിയാട്ട് ലോക്കല്‍ കമ്മിറ്റി അംഗം പി.ടി അനിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ബ്രാഞ്ച് അംഗം ടി.വി ബാലനെ താക്കീത് ചെയ്യുകയുമുണ്ടായി. ജില്ലയില്‍ വിതരണം ചെയ്ത ഓണക്കിറ്റില്‍ പിലിക്കോട് പഞ്ചായത്ത് മാണിയാട്ട് വാര്‍ഡിലെ ഭാഗ്യധാര കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശര്‍ക്കര വരട്ടിയെത്തിയതാണ് പാര്‍ട്ടി നേതാക്കള്‍ക്കെതിരായ നടപടിയില്‍ കലാശിച്ചത്.
പി.ടി അനിത അംഗമായ ഭാഗ്യധാര കുടുംബശ്രിയുടെ ലേബലൊട്ടിച്ച ശര്‍ക്കര വരട്ടിയാണ് കിറ്റിലുണ്ടായിരുന്നത്. കുടുംബശ്രീക്ക് കീഴിലെ അനിതയുടെ വ്യക്തിഗത സംരംഭത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുപയോഗിച്ചാണ് ശര്‍ക്കര വരട്ടി കിറ്റിലെത്തിയത്. എന്നാല്‍ തങ്ങളുടെ കുടുംബശ്രീയുടെ ലേബലില്‍ കിറ്റിലെത്തിയ ശര്‍ക്കരവരട്ടിയെക്കുറിച്ച് ബന്ധമില്ലെന്ന് കാട്ടി ജില്ലാ കളക്ടര്‍ക്കും കുടുംബശ്രീ മിഷനും ഭാഗ്യധാര കുടുംബശ്രീ അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയതോടെയാണ് സംഭവം വിവാദമാവുന്നത്. വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
No comments
Post a Comment