Header Ads

  • Breaking News

    ഉന്നത വിദ്യാഭ്യാസ മേഖലയിലും ജനകീയ ബദലുകള്‍ നടപ്പാക്കും: മുഖ്യന്ത്രി

    ധര്‍മശാലയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


    ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കിയതിനു സമാനമായ ജനകീയ ബദലുകളാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാനന്തവാടി, ധര്‍മ്മശാല ക്യാമ്പസ്സുകളിലെ അക്കാദമിക് ബ്ലോക്ക്, ട്രൈബല്‍ ഹോസ്റ്റല്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
    എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ നിന്ന് വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടിയെന്ന ലക്ഷ്യത്തിലാണ് നാം ഇന്ന് എത്തിനില്‍ക്കുന്നത്. അതിലേക്കുള്ള പ്രയാണത്തിന്റെ ആദ്യ ഘട്ടത്തിലാണ് നമ്മുടെ സ്‌കൂളുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. എന്നാല്‍, കേരളത്തിന്റെ പൊതു വിദ്യാഭ്യാസരംഗം ഇത്തരത്തില്‍ ലോക ശ്രദ്ധയാര്‍ജ്ജിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് അതിന് ആനുപാതികമായ നേട്ടം കൈ വരിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള എന്റോള്‍മെന്റ് അനുപാതം നമ്മള്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. ലോക റാങ്കിങ്ങുകളില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ സാധിക്കുന്നില്ല.
    പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ചതിന് സമാനമായ മുന്നേറ്റം ഉന്നതവിദ്യാഭ്യാസ രംഗത്തും നേടിയെടുക്കാന്‍ നമുക്ക് സാധിക്കണം. ആ മുന്നേറ്റത്തില്‍ വ്യക്തികളോ പ്രദേശങ്ങളോ പുറം തള്ളപ്പെട്ടു പോകരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള യജ്ഞത്തില്‍ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
    ഉന്നത വിദ്യാഭ്യാസരംഗത്ത് വേണ്ടത്ര നേട്ടം കൈവരിച്ചാല്‍ മാത്രമേ വൈജ്ഞാനിക സമൂഹം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ നമുക്ക് കഴിയൂ. വിജ്ഞാനത്തെ ഉത്പാദന പ്രക്രിയയുമായി ബന്ധിപ്പിക്കുകയെന്നതാണ് വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം. അതുവഴി ഉത്പാദനരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാവും. അതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുകയും പാഠ്യപദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കുകയും അതിന് വളരെ പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും. ഇവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുതന്നെ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
    അറിവിന്റെ നിരന്തരമായ ഉല്‍പാദനവും കൈമാറ്റവും കൊണ്ടു മാത്രമേ വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം സാധ്യമാകൂ. ഇതിനായി പഠനത്തിനുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇതുലക്ഷ്യം വെച്ചാണ് വിദൂര വിദ്യാഭ്യാസരംഗത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എന്റോള്‍മെന്റ് അനുപാതം 75 ശതമാനമായെങ്കിലും ഉയര്‍ത്തണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അധിക പഠനസൗകര്യം, സീറ്റുവര്‍ദ്ധന, പുതിയ കോഴ്സുകള്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവ നടപ്പാക്കുന്നതിലൂടെ ഇത് സാധ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ലക്ഷ്യത്തോടെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സീറ്റ് വര്‍ദ്ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
    സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി 15 പുതുതലമുറ കോഴ്സുകള്‍ പുതുതായി ആരംഭിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നടപടി, വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നവയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഭൗതിക സാഹചര്യ വികസനത്തിലും വലിയ മുന്നേറ്റമുണ്ടാക്കാനായി. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ ഹരിത കംപ്യൂട്ടിങ് ലാബ്, താവക്കര ആസ്ഥാനത്തെ വിദ്യാര്‍ത്ഥി ക്ഷേമ കേന്ദ്രം, പണി പൂര്‍ത്തിയായി ക്കൊണ്ടിരിക്കുന്ന ഓഡിറ്റോറിയം കോംപ്ലക്സ്, പയ്യന്നൂര്‍ ക്യാമ്പസിലെ ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ തുടങ്ങിയവ ഇവയില്‍ എടുത്തുപറയേണ്ട പദ്ധതികളാണ്.
    ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി. ധര്‍മശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ ശിലാഫലകം അനാഛാദനം ചെയ്തു. എം വിജിന്‍ എംഎല്‍എ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താക്കോല്‍ ക്യാമ്പസ് ഡയറക്ടര്‍ ഡോ. വി എ വില്‍സണ് കൈമാറി. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ എന്‍ സുകന്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
    വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി ജെ വിന്‍സെന്റ്, സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ ടി ചന്ദ്രമോഹന്‍, ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണന്‍, സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എം കെ ഹസന്‍, സെനറ്റ് അംഗം പി ജെ സാജു, സിപിഡബ്ല്യുഡി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബി ശ്രീനിവാസ്, ഡോ. ആര്‍കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad