എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളാവണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ധര്‍മശാല കെഎപി ആസ്ഥാനത്ത് പച്ചത്തുരുത്തിന് തുടക്കമായി
പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളായി മാറാന്‍ നാം ഓരോരുത്തരും ശ്രമിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആന്തൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ധര്‍മശാല കെ എ പി നാലാം ബറ്റാലിയന്‍ കോമ്പൗണ്ടില്‍ ആരംഭിക്കുന്ന ആരണ്യകം പച്ചത്തുരുത്തിന്റെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒട്ടനവധി പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ നടുവിലാണ് നമ്മള്‍. വളരെ അപകടം പിടിച്ച സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ചൂഷണത്തിലധിഷ്ഠിതമായ മൂലധനശക്തികള്‍ പ്രകൃതിയെ കൊള്ളയടിക്കുന്ന കാലത്ത് വനവല്‍ക്കരണം ഓരോരുത്തരും സ്വയം ഏറ്റെടുക്കണം-മന്ത്രി പറഞ്ഞു. കേരളത്തില്‍ ഓക്‌സിജന്‍ സമൃദ്ധമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണം. ഇന്ന് മനുഷ്യ സമൂഹത്തിന് ഓക്‌സിജന്‍ മരുന്നാണ്. വീടുകളോട് ചേര്‍ന്ന് കൊച്ചു വനങ്ങള്‍ ഒരുക്കണമെന്നും മിയാവാക്കി വനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷമായി ആന്തൂര്‍ നഗരസഭ നിരവധി ഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ധര്‍മശാലയിലും പരിസരങ്ങളിലുമുള്ള വ്യാവസായിക മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലീന്‍ ആന്തൂര്‍-ഗ്രീന്‍ ആന്തൂര്‍ സന്ദേശമുയര്‍ത്തിയാണ് ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. കെ എ പി ആസ്ഥാനത്തെ ഒരേക്കര്‍ സ്ഥലത്താണ് ഇരുപത്തഞ്ചോളം ഔഷധച്ചെടികളുള്‍പ്പെടുത്തി ഔഷധ സസ്യ ഉദ്യാനവും പച്ചത്തുരുത്തും ഒരുക്കുന്നത്. പോലീസ് സേനയുടെയും നഗരസഭാ തൊഴിലുറപ്പ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി.
കെഎപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ വി സതീദേവി, കെ എ പി നാലാം ബറ്റാലിയന്‍ കമാണ്ടന്റും റൂറല്‍ എസ്പിയുമായ നവനീത് ശര്‍മ, അസിസ്റ്റന്റ് കമാണ്ടന്റ് എം ഹരി, നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി പ്രേമരാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ വി കമല, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, കെ എ പി നാലാം ബറ്റാലിയന്‍ ഡെപ്യൂട്ടി കമാണ്ടന്റ് ആര്‍ രാജേഷ്, നഗരസഭാ സെക്രട്ടറി പി എന്‍ അനീഷ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ വി സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments
Post a Comment