ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി; ജില്ലയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങളൊരുക്കും
സംസ്ഥാനത്തിന്റെ വികസന സംസ്‌കാരത്തിന് ഊടും പാവും നല്‍കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ജില്ലയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ജില്ലയെന്ന നിലയില്‍ അതിന്റെ ചരിത്രം വരുംതലമുറയ്ക്കായി കൈമാറുകയെന്ന ദൗത്യത്തിന്റെ ഭാഗമായി ലഭ്യമായ എല്ലാ രേഖകളും ശേഖരിച്ച് സൂക്ഷിക്കുമെന്നും പി പി ദിവ്യ അറിയിച്ചു. 1991 ഏപ്രില്‍ മുതല്‍ 1995 ഒക്ടോബര്‍ വരെ കല്യാശ്ശേരി കേന്ദ്രീകരിച്ച് നടന്ന ആസൂത്രണ പ്രവര്‍ത്തനങ്ങളായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആദ്യ മാതൃക. ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും ഓര്‍മ പുതുക്കലിനുമായി ഡിസംബറില്‍ സെമിനാര്‍ സംഘടിപ്പിക്കും. പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് ഒരു ഓര്‍മപ്പുസ്തകം അതോടൊപ്പം പ്രകാശനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളുടെ പഞ്ചവത്സര പദ്ധതി രേഖകള്‍, വാര്‍ഷിക പദ്ധതിരേഖകള്‍, വികസന രേഖകള്‍, ഇവയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിന് സംവിധാനമൊരുക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെ വീഡിയോ ചിത്രീകരണം നടത്തും. ഒന്നാം ക്ലാസ്സ് ഒന്നാം തരം, മുകുളം പദ്ധതി, ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിനുള്ള പദ്ധതി തുടങ്ങിയ ജില്ലയില്‍ ആരംഭിക്കുകയും സംസ്ഥാന, ദേശീയ തലങ്ങളില്‍ പിന്നീട് നടപ്പാക്കുകയും ചെയ്ത നൂതന പദ്ധതികളെക്കുറിച്ചുള്ള അനുഭവം പങ്കിടല്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ജനകീയാസൂത്രണത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ബ്ലോക്ക്തല പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.
അടുത്ത വര്‍ഷം ആഗസ്ത് വരെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന മികച്ച പദ്ധതികള്‍ രജത ജൂബിലി സ്മാരകങ്ങളാക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും 2022-23ലെ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുക. അതോടൊപ്പം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 24 ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് രജത ജൂബിലി സ്മാരകമായി ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ ഒരുക്കും. അടുത്ത ഒരു വര്‍ഷം ജില്ലയില്‍ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളും വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണം തേടുമെന്നും അവര്‍ അറിയിച്ചു. ഇതോടൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മിയാവാക്കി വനങ്ങള്‍ വച്ചുപിടിപ്പിക്കും. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്ന നിലയില്‍ ജില്ലയിലെ എല്ലാ ട്രൈബല്‍ കോളനികളിലും എല്ലാവിധ അടിസ്ഥാന സൗകര്യ വികസനവും ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. കഴിഞ്ഞ 25 വര്‍ഷക്കാലത്തെ സാമ്പത്തിക അവലോകനം നടത്തി രേഖ തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയെ സംബന്ധിച്ച വിപുലമായ വിവരശേഖരണം നടത്തി വിവര സഞ്ചയം തയ്യാറാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന ആഗസ്ത് 17ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും 1995 മുതലുള്ള എല്ലാ മുന്‍കാല അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ആദരിക്കും. വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായി ആദരിക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കും. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് പല സമയങ്ങളിലായാണ് ചടങ്ങ് സംഘടിപ്പിക്കുക. പ്രായാധിക്യത്താലും മറ്റും ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാത്തവരെ വീടുകളില്‍ ചെന്ന് ആദരിക്കും. ഉദ്ഘാടനച്ചടങ്ങ് ഓണ്‍ലൈനായി വീക്ഷിക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ സംവിധാനം ഒരുക്കുമെന്നും അവര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.
No comments
Post a Comment