Header Ads

  • Breaking News

    വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ‘കണ്ണൂര്‍ കാഴ്ചകള്‍’ വീഡിയോ നിര്‍മ്മാണ മത്സരം

    ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ‘കണ്ണൂര്‍ കാഴ്ചകള്‍’ വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഹയര്‍സെക്കണ്ടറി- കോളേജ് വിദ്യാര്‍ഥികള്‍ക്ക് ടീമുകളായോ വ്യക്തിഗതമായോ മത്സരത്തില്‍ പങ്കെടുക്കാം.
    കുട്ടികള്‍ അവരവരുടെ ദേശത്തെ പ്രാദേശിക ടൂറിസം വികസന സാധ്യതയുള്ളതോ ചരിത്രപ്രാധാന്യമുള്ളതോ ആയ സ്ഥലത്തെക്കുറിച്ചാവണം വീഡിയോ സ്റ്റോറി ചിത്രീകരിക്കേണ്ടത.് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകമായാണ് മത്സരം. വീഡിയോ രണ്ടു മിനിറ്റില്‍ കൂടരുത്. വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന ആദ്യ മൂന്ന് മികച്ച വീഡിയോകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി യഥാക്രമം 5000, 2500, 1500 രൂപ വീതം സമ്മാനം നല്‍കും. സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവുമുണ്ടാകും.
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പ്രത്യേകമായാണ് മത്സരം. പഞ്ചായത്തുകളും നഗരസഭകളും അവയുടെ പരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതോ ചരിത്രപ്രധാന്യമുള്ളതോ ആയ ഒരു കേന്ദ്രത്തെ കുറിച്ചാണ് വീഡിയോ ചിത്രീകരണം നടത്തേണ്ടത്. വീഡിയോ രണ്ട് മിനിട്ടില്‍ കൂടരുത്. ഈ വിഭാഗങ്ങളിലേയും മികച്ച മൂന്നു വീഡിയോകള്‍ക്ക് പുരസ്‌ക്കാരം നല്‍കും.
    ഫുള്‍ എച്ച് ഡിയില്‍ എം പി 4 ഫോര്‍മാറ്റിലാണ് വീഡിയോ ചിത്രീകരിക്കേണ്ടത്. വീഡിയോ സ്റ്റോറികള്‍ kannurprdcontest@gmail.com ലേക്ക് ആഗസ്ത് 31നകം അയക്കണം. വീഡിയോടൊപ്പം ചിത്രീകരിച്ച ടീമിന്റെ പേരുവിവരങ്ങള്‍, ഫോണ്‍ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ചിത്രീകരിച്ച സ്ഥലം സംബന്ധിച്ച ചെറുകുറിപ്പ് എന്നിവ മെയിലില്‍ ഉള്‍പ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രം സ്‌കാന്‍ ചെയ്തയക്കണം. ഈ വീഡിയോകള്‍ സര്‍ക്കാറിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതാണ്. പകര്‍പ്പവകാശം പി.ആര്‍ ഡി വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700231.


    No comments

    Post Top Ad

    Post Bottom Ad