ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ: വാര്‍ത്താസമ്മേളനം വൈകിട്ട് ആറ് മണിക്ക്
തിരുവനന്തപുരം:
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ജൂലൈ മാസത്തിലാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പ്രതിദിന വാർത്താസമ്മേളനം ഒടുവിൽ നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ വാർഡ് തലത്തിലാക്കിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ല.
36 ദിവസത്തെ ഇടവേളയ്കക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമാണ്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കൊവിഡ് കേസുകൾ 30000-ത്തിന് മുകളിലാണ് മരണസംഖ്യയും കുതിച്ചുയർന്നു. കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കിയ ശേഷം മരണങ്ങൾ കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് വ്യാപനം മൂലം മരണനിരക്ക് ഉയർന്നിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ പല മരണങ്ങളും ഈ ദിവസങ്ങളിൽ ഔദ്യോഗിക കണക്കിൽ ഇടം നേടിയെന്നാണ് സൂചന.
കൊവിഡ് പ്രതിരോധം പാളിയെന്ന രൂക്ഷവിമർശനം പ്രതിപക്ഷം ഉയർത്തുന്നതുണ്ട്. വിമർശനങ്ങളുടെ മുന നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോർജിനും നേരെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി തുടർന്നിട്ടും മാധ്യമങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. കൊവിഡ് കുറയുമ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്ന മുഖ്യമന്ത്രി സ്ഥിതി മോശമായപ്പോൾ മുങ്ങി എന്ന പരിഹാസം പ്രതിപക്ഷം നടത്തിയിരുന്നു. കൊവിഡ് കൂടാതെ മുട്ടിൽ മരംമുറി അടക്കം സര്‍ക്കാരിന് മുന്നിലുള്ള വിവിധ വിവാദങ്ങൾക്കുള്ള മറുപടിയും ഇന്നത്തെ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നു.
No comments
Post a Comment