നോക്കുകൂലി ആവശ്യപ്പെട്ട് ഉദ്ഘാടന ദിവസം മുതല്‍ തര്‍ക്കം, സ്വന്തമായി സാധനങ്ങള്‍ ഇറക്കിയ കടയുടമയേയും സഹോദരനേയും സി ഐ ടി യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
കണ്ണൂര്‍ :
നോക്കുകൂലി ആവശ്യപ്പെട്ട് സി ഐ ടി യു പ്രവര്‍ത്തകര്‍ കടയുടമയേയും ജീവനക്കാരെയും മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ മാതമംഗലത്താണ് സംഭവം. ഇവിടെ രണ്ടാഴ്ച മുന്‍പ് വ്യാപാരസ്ഥാപനം ആരംഭിച്ച റബി മുഹമ്മദിനും സഹോദനരനുമാണ് മര്‍ദ്ദനമേറ്റത്. സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് കടയിലേക്ക് സാധനങ്ങള്‍ ഇറക്കിയതാണ് യൂണിയന്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. നോക്കുകൂലി ആവശ്യപ്പെട്ടായിരുന്നു സി ഐ ടി യു പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പാണ് റബി മുഹമ്മദ് വ്യാപാര സ്ഥാപനം ആരംഭിച്ചത്. അന്ന് തന്നെ യൂണിയന്‍ പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കുന്നതിന് കോടതിയുടെ അനുമതി വാങ്ങുകയും പെരിങ്ങം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇരുപക്ഷവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
എന്നാല്‍ പന്ത്രണ്ടോളം വരുന്ന സിഐടിയു പ്രവര്‍ത്തകര്‍ കൂട്ടമായെത്തി കടയുടമയേയും ജീവനക്കാരേയും മര്‍ദ്ദിക്കുയായിരുന്നു. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പരിയാരം പൊലീസ് കേസെടുത്തു.
No comments
Post a Comment