Header Ads

  • Breaking News

    മരണശേഷം തന്റെ സമ്പാദ്യം ചെങ്ങളായി പഞ്ചായത്തിന് നൽകാൻ ഒസ്യത്ത് എഴുതിവച്ച കിരാത്ത് സ്വദേശി അർജുനൻ

     


    ശ്രീകണ്ഠപുരം:

    മരണശേഷം തന്റെ സമ്പാദ്യം ചെങ്ങളായി പഞ്ചായത്തിന് നൽകാൻ ഒസ്യത്ത് എഴുതിവച്ച കിരാത്ത് സ്വദേശി അർജുനൻ കുനങ്കണ്ടിയുടെ വീടും സ്വത്തും ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. വീടും 15 സെന്റ്‌ സ്ഥലവും തളിപ്പറമ്പിലെ ഒരു സഹകരണ ബാങ്കിലെ അഞ്ച്‌ ലക്ഷത്തിലേറെ വരുന്ന നിക്ഷേപവും ഉൾപ്പെടെയാണ് ചെങ്ങളായി പഞ്ചായത്തിന് നൽകാൻ ഒസ്യത്ത് എഴുതിവച്ചത്. 2017 നവംബർ ഒന്നിനാണ് ഒസ്യത്ത് ആധാരം രജിസ്റ്റർ ചെയ്തത്. അർജുനൻ ഇക്കഴിഞ്ഞ മാർച്ച് 21-ന് മരിച്ചു. ദീർഘകാലം ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. വീടിന്റെ പുറത്തെ ഗ്രില്ലിൽ ‘എന്റെ കാലശേഷം ഈ വീട് ചെങ്ങളായി പഞ്ചായത്തിന്' എന്ന് വെൽഡ് ചെയ്ത് എഴുതിപിടിപ്പിച്ചിരുന്നു. അർജുനന്റെ അമ്മ നാല് വർഷം മുമ്പ്‌ മരിച്ചു. രോഗിയായ ഇദ്ദേഹം സ്ഥലം വിറ്റ തുക ഉപയോഗിച്ച്‌ വീട് പണിയുകയും ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കുകയുമായിരുന്നു. 
    ബാങ്കിലെ തുക അവിടെ തന്നെ നിലനിർത്തി പലിശ ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തണമെന്നും  എഴുതിയിട്ടുണ്ട്‌. അവകാശം പഞ്ചായത്ത് സെക്രട്ടറിക്കാണ്.  ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ്‌ വി പി മോഹനൻ, സെക്രട്ടറി കെ കെ രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിന് കൈമാറിയ വീട് നല്ലരീതിയിൽ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും ജീവകാരുണ്യ പ്രവർത്തനത്തിന്‌ അദ്ദേഹം ഒസ്യത്ത് പ്രകാരം മാറ്റിവച്ച തുക ബാങ്കിൽനിന്ന്‌ ലഭിക്കാനാവശ്യമായ നിയമ നടപടിയും  സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad