Header Ads

  • Breaking News

    വാതില്‍പ്പടി സേവനം ആദ്യഘട്ടം അഴീക്കോട് മണ്ഡലത്തില്‍ നടപ്പിലാക്കും

    സപ്തംബര്‍ 15ഓടെ പദ്ധതി ആരംഭിക്കും: കെ വി സുമേഷ് എംഎല്‍എ

    കിടപ്പുരോഗികള്‍ ഉള്‍പ്പെടെ അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വാതില്‍പ്പടി സേവനം’ പദ്ധതി ആദ്യഘട്ടത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ നടപ്പിലാക്കുമെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം പകുതിയോടെ പദ്ധതി നടപ്പില്‍ വരുത്താന്‍ കഴിയും വിധം നടപടികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘വാതില്‍പ്പടി സേവനം’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുക. ജില്ലയില്‍ അഴീക്കോട് മണ്ഡലത്തിലെ കണ്ണൂര്‍ കോര്‍പറേഷന്‍, അഴീക്കോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം പഞ്ചായത്തുകള്‍ ഉള്‍പ്പെടെയാണിത്. ആദ്യഘട്ട പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡിസംബറില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    പല കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവരും സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവരുമായ ആളുകള്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയാണിത്. പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയര്‍ക്ക് ഇത് ഏറെ ആശ്വാസമാവും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയരക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
    സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം, സാമൂഹിക സുരക്ഷ പെന്‍ഷന്‍ എന്നിവയ്ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വീടുകളിലെത്തിക്കുക. നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന ഈ സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ഈ രീതിയില്‍ സേവനം ആവശ്യമുള്ളവരുടെ പട്ടിക വാര്‍ഡ് തലത്തില്‍ തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവകര്‍ എന്നിവരടങ്ങുന്ന കമ്മിറ്റികള്‍ രൂപീകരിക്കണം. അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കേണ്ടത്. ഇതിനായി ഓരോ വാര്‍ഡിലും നാലു വീതം വളണ്ടിയര്‍മാരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. എന്‍എസ്എസ്, എന്‍സിസി, എസ്പിസി വളണ്ടിയര്‍മാരെ ഇതിനായി ഉപയോഗപ്പെടുത്താമെന്നും കെ വി സുമേഷ് അറിയിച്ചു. വാര്‍ഡ്തല കമ്മിറ്റി രൂപീകരണം, സേവനാവകാശി പട്ടിക തയ്യാറാക്കല്‍, വളണ്ടിയര്‍മാരുടെ തെരഞ്ഞെടുപ്പ് എന്നിവ ആഗസ്ത് 25നകം പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പദ്ധതി കാര്യക്ഷമമായും വിജയകരമായും നടപ്പിലാക്കുന്നതിന് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സപ്തംബര്‍ അഞ്ചിനകം പരിശീലനം നല്‍കണം.
    ഗുണഭോക്താക്കളില്‍ നിന്ന് പണം വാങ്ങി മരുന്നുകള്‍ എത്തിച്ചുനല്‍കുന്ന രീതിയാണ് പദ്ധതിയില്‍ സ്വീകരിക്കുക. മരുന്ന് വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതിന് വഴിയൊരുക്കും. പദ്ധതിക്കാവശ്യമായ ലാപ്‌ടോപ്പ്, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
    യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, എഡിഎം കെ കെ ദിവാകരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രമേശന്‍ (നാറാത്ത്), എ വി സുശീല (പാപ്പിനിശ്ശേരി), വൈസ് പ്രസിഡന്റുമാരായ എ റീന (അഴീക്കോട്), പി അനില്‍ കുമാര്‍ (ചിറക്കല്‍), കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പി ഷമീമ ടീച്ചര്‍, ഡിഡിപി ടി ജെ അരുണ്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം അഞ്ജു മോഹന്‍, വനിതാ ശിശു വികസന ഓഫീസര്‍ പി ദീന ഭരതന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ഡിഎംഒ പ്രതിനിധി ഡോ. ഒ ടി രാജേഷ്, കില കോ-ഓര്‍ഡിനേറ്റര്‍ പി വി രത്‌നാകരന്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad