പൊലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറി, നിയമവിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
മംഗലപുരം:
ദേശീയപാതയില്‍ കോരാണി കാരിക്കുഴിയില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കാറിലിടിച്ച് ലോ കോളേജ് വിദ്യാര്‍ഥിനി മരിച്ചു.കൊല്ലം സ്വദേശിനിയും ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന സജീദ്-രാജി ദമ്ബതികളുടെ മകളുമായ അനൈന (22) ആണ് മരിച്ചത്. തിരുവനന്തപുരം ലോ കോലേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.
രാവിലെ 11 .30 നാണ് അപകടം. കാറില്‍ അനൈനയെ കൂടാതെ പിതാവ് സജീദ്, മാതാവ് രാജി, സഹോദരന്‍ അംജിദ് എന്നിവരുമുണ്ടായിരുന്നു. അംജിദ് ആണ് കാര്‍ ഓടിച്ചിരുന്നത്. ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലി നോക്കുന്ന അംജിദിന്‍റെ പെണ്ണ് കാണല്‍ ചടങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുകയായിരുന്നു കുടുംബം.
അപകടത്തില്‍ 4 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. അനൈനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പെട്ട പൊലീസ് ജീപ്പില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്, അവരുടെ പരിക്കുകള്‍ ഗുരുതരമല്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കുടുംബം യാത്ര ചെയ്തിരുന്ന കാറില്‍ ജീപ്പ് ഇടിക്കുകയായിരുന്നു.
കാരിക്കുഴി ഭാഗത്ത് റോഡിന്‍റെ വശത്ത് ഇന്‍റര്‍ലോക്ക് പാകാനായി എടുത്ത കുഴിയില്‍ വീണതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയാണ് പൊലീസ് ജീപ്പ് കാറിലിടിച്ചുകയറിയത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ പൊലീസ് ജീപ്പിലെ ഡ്രൈവര്‍ അഹമ്മദിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും, ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. ഷജീറിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
No comments
Post a Comment