Header Ads

  • Breaking News

    എം.എസ്.എഫ്. നേതാക്കൾ പരസ്യമായി മാപ്പ് പറയണം; നിലപാട് കടുപ്പിച്ച് ഹരിത

     


    ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എം.എസ്.എഫ്. നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് 10 മണിക്കുള്ളിൽ നിലപാട് അറിയിക്കാൻ എം.എസ്.എഫ്.ന് മുസ്ലിം ലീഗ് നേതൃത്വം സമയം നൽകി. എം.എസ്.എഫ്. – ഹരിത വിവാദത്തിൽ ഇരുവിഭാഗവുമായി ലീഗ് നേതൃത്വം ചർച്ച നടത്തി.

    ലൈംഗിക അധിക്ഷേപം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് നേരത്തെ ലീഗ് നേതൃത്വം ഹരിത സംസ്ഥാന ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ഹരിത ഭാരവാഹികൾ വഴങ്ങിയിരുന്നില്ല. തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചുകൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുന്നത്. കടുത്ത അച്ചടക്കലംഘനമാണ് ഹരിത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന വിലയിരുത്തലിലായിരുന്നു നടപടി.

    തുടർന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനോട് വിശദീകരണം നൽകാൻ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തെ കാലാവധിയാണ് നൽകിയിരുന്നത്. അടുത്ത മാസം അഞ്ചിനാണ് കാലാവധി തീരുന്നത്. ഇതിനു മുന്നോടിയായാണ് മലപ്പുറം ലീഗ് ഹൗസിൽ പി.കെ. നവാസിനെയും ഹരിത നേതാക്കളെയും വിളിച്ചുചേർത്തത്. എന്നാൽ, ആരോപണവിധേയരായ മലപ്പുറത്തെ എം.എസ്.എഫ്. നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad