Header Ads

  • Breaking News

    പ്രാദേശിക ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

    പിണറായി പഞ്ചായത്തിലെ സൗരോര്‍ജ നിലയങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

    പ്രാദേശികമായി ലഭ്യമാകുന്ന ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പൊതുസ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി പിണറായി പഞ്ചായത്തില്‍ മാതൃകാ പദ്ധതി എന്ന നിലയില്‍ സ്ഥാപിച്ച 30 സൗരോര്‍ജ നിലയങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

    ഹരിത ഊര്‍ജ്ജമിഷന്‍ പദ്ധതിയിലൂടെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 3000 മെഗാവാട്ട് ഹരിത വൈദ്യുതി ഉൽപാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും സൗരോര്‍ജ പാനല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയായി അത് മാറും -മന്ത്രി പറഞ്ഞു.
    പിണറായി പഞ്ചായത്തിലെ 13 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണ്‍ഗ്രിഡ് നിലയങ്ങളും 17 അങ്കണവാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സൗരോര്‍ജവൽകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആര്യാട്, പിലിക്കോട്, നെടുങ്കണ്ടം പഞ്ചായത്തുകളിലും തൃശൂര്‍, തിരുവനന്തപുരം കോര്‍പറേഷനുകളിലുമായി അഞ്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അഞ്ചു കോടിയോളം രൂപയാണ് ഇതിനായി വകയിരുത്തിയത്. പിണറായി, പിലിക്കോട്, ആര്യാട് എന്നീ പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു.

    പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സി പി അനിത, പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേലുരി, ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അനീഷ് എസ് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad