കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷം; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച (ആഗസ്ത് 19 ) പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകിട്ട് 4.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ്് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ എന്നിവര്‍ പങ്കെടുക്കും.
ആഗസ്ത് 19 വ്യാഴം മുതല്‍ 23 തിങ്കള്‍ വരെ വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണി വരെ ഓണ്‍ലൈനായാണ് പരിപാടി. കണ്ണൂര്‍ വിഷന്‍ ചാനലില്‍ ലൈവായും കാണാം. പരിപാടിയുടെ ആദ്യ ദിനം ക്ലാസിക്കല്‍ ഡാന്‍സ്, പഞ്ചവാദ്യം, നാടന്‍ പാട്ടുകള്‍, മാജിക്് നൈറ്റ്, വനിതാ കോല്‍ക്കളി എന്നിവ അരങ്ങേറും. 20ന് സൂര്യ ഗീതം, വരനടനം, ഭരതനടനം, ആര്‍ട്ട് ഓഫ് മാജിക്, ഓട്ടന്‍ തുള്ളല്‍, 21 ന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ ട്രിപ്പിള്‍ തായമ്പക, ബാബുരാജ് സ്മൃതി സന്ധ്യ, ക്ലാസിക്കല്‍ ഡാന്‍സ്, വയലിന്‍ ഫ്യൂഷന്‍, 22ന് ഷഹബാസ് പാടുന്നു, ക്ലാസിക്കല്‍ ഡാന്‍സ്, നേര്‍ക്കാഴ്ച- ലഘുനാടകം, സമാപന ദിവസമായ 23ന് ഗസല്‍, ക്ലാസിക്കല്‍ ഡാന്‍സ്, വിസ്മയം, ഒപ്പന- മെഹന്ദി, കോമഡി ഷോ, നാടന്‍ പാട്ടുകള്‍ എന്നീ പരിപാടികളും നടക്കും.
നര്‍ത്തകികളായ നീലമന സിസ്റ്റേര്‍സ്, ഗസല്‍ ഗായകരായ ഷഹബാസ് അമന്‍, ജിതേഷ് സുന്ദരം, ഭജന്‍ ഗായിക സൂര്യ ഗായത്രി, പിന്നണി ഗായകനായ രതീഷ്‌കുമാര്‍ പല്ലവി, മിമിക്രി ചലച്ചിത്ര താരമായ ശിവദാസ് മട്ടന്നൂര്‍ തുടങ്ങിയവരും കണ്ണൂര്‍ ജില്ലയിലുള്ള വിവിധ പ്രതിഭാശാലികളായ കലാകാരന്മാരും പരിപാടിയുടെ ഭാഗമാവും.
No comments
Post a Comment