യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : തൃശൂര്‍ സ്വദേശി അറസ്റ്റില്‍
തൃശൂര്‍ :
യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ്( 32 ) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളിൽ നിന്നും ഒന്നര കിലോ കഞ്ചാവാണ് തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനനും സംഘവും ചേർന്ന് പിടികൂടിയത്.
സനൂപ് ഫിഷിംങ്ങ് സംബന്ധിച്ച ചാനൽ നടത്തുകയും സബ്സ്ക്രൈയ്ബേഴ്സ് ആയി വരുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും മീൻ പിടുത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ മണലി പുഴയിലെ കൈനൂർ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടർന്ന് സ്ഥിരം കസ്റ്റമേഴ്സ് ആക്കി മാറ്റുകയുമാണ് ചെയ്തിരുന്നത്.
ഇതിനായി പതിനായിരക്കണക്കിന് വിലയുള്ള 10 ഓളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഫിഷിംങ്ങ് കിറ്റും ഉപയോഗിച്ച് യൂട്യൂബ് വഴി ആളുകളെ ആകർഷിപ്പിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വരികയായിരുന്നു. 500/- രൂപ യുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നത് . വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിനും കൗൺസിലിംങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകുന്നതിനും നടപടികൾ എടുക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദനൻ ടി.ആർ അറിയിച്ചു.
No comments
Post a Comment