കാബൂൾ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതോളം,പിന്നിൽ ഐഎസ്
കാബൂൾ:
താലിബാന്‍ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെടാന്‍ പതിനായിരങ്ങള്‍ കാത്തുനില്‍ക്കുന്ന കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും അടക്കം 60 പേര്‍ കൊല്ലപ്പെട്ടു.
140 പേര്‍ പരുക്കേറ്റതായും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 12 യുഎസ് സൈനികരുമുള്‍പ്പെടുന്നു. ഭീകരസംഘടനയായ ഐഎസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വിമാനത്താവളത്തില്‍ യുഎസ്, ബ്രിട്ടിഷ് സൈനികര്‍ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്ഫോടനം. വിമാനത്താവളത്തോടു ചേര്‍ന്നുള്ള ഹോട്ടലിനു സമീപം രണ്ടാം സ്ഫോടനമുണ്ടായി
ആക്രമണത്തെ താലിബാന്‍ അപലപിച്ചു. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഭീകരാക്രമണ ഭീഷണിയുണ്ടെന്നും വിമാനത്താവള കവാടങ്ങളില്‍നിന്ന് ജനങ്ങള്‍ അകന്നുനില്‍ക്കണമെന്നും യുഎസും സഖ്യകക്ഷികളും മുന്നറിയിപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണു സ്ഫോടനം. സുരക്ഷാഭീഷണി കണക്കിലെടുത്ത് ഒട്ടേറെ രാജ്യങ്ങള്‍ ബുധനാഴ്ച രാത്രിയോടെ ഒഴിപ്പിക്കല്‍ നിര്‍ത്തിയിരുന്നു.താലിബാന്‍ അധികാരം പിടിച്ചതിനു ശേഷം കഴിഞ്ഞ 11 ദിവസത്തിനിടെ കാബൂളില്‍നിന്ന് യുഎസ് സഖ്യസേന 95,700 പേരെ ഒഴിപ്പിച്ചു. വ്യോമമാര്‍ഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ 39 മിനിറ്റിലും രക്ഷാ വിമാനങ്ങള്‍ പറന്നുയര്‍ന്നു. സഖ്യസേന രാജ്യം വിടേണ്ട അവസാന തീയതി ഈ മാസം 31 ആണ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും കാബൂളില്‍ കുടുങ്ങിക്കിടക്കുകയാണ്.
കാണ്ടഹാര്‍ വിമാനത്താവളം ഇന്നലെ തുറന്നു. കാബൂള്‍ വിമാനത്താവളം അടച്ചിടേണ്ടിവന്നാല്‍ കാണ്ടഹാറില്‍നിന്ന് രാജ്യാന്തര സര്‍വീസ് നടത്താമെന്നാണു പ്രതീക്ഷ. വിദേശസഹായങ്ങള്‍ നിലച്ചതോടെ അഫ്ഗാനില്‍ 1.4 കോടി ജനങ്ങള്‍ പട്ടിണിയുടെ വക്കിലാണെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു
No comments
Post a Comment