'നെപ്പോളിയ'ന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി, കലാപാഹ്വാനത്തിനും കേസ്; യൂട്യൂബ് വീഡിയോകള്‍ മരവിപ്പിക്കാന്‍ നടപടി
കണ്ണൂര്‍:
ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ 'നെപ്പോളിയന്‍' എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനുമാണ് നടപടി.
ഇവരുടെ അനുയായികളായ 13 പേര്‍ക്കെതിരെ നിയമവിരുദ്ധമായി സംഘടിച്ചതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും കേസെടുത്തു. ഇ ബുള്‍ജെറ്റിന്‍റെ മുഴുവന്‍ വിഡിയോകളും പരിശോധിക്കാന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേര്‍ക്കെതിരെ കേസെടുത്തു.
നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വിഡിയോ മരവിപ്പിക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെടും. മോശം കമന്‍റിടുന്ന കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
കലക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫിസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പിഴയടയ്ക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസില്‍ മാത്രം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.
നികുതി അടച്ചില്ലെന്നതടക്കം ഒന്‍പത് നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്ലോഗര്‍മാരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ ഇവര്‍ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് ഉന്തും തളളിലും കലാശിക്കുകയുമായിരുന്നു.
No comments
Post a Comment