മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പ്രസ്താവനയുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റെും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്ന പരാമര്‍ശത്തോടെ ആയിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം. ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെള്ളയമ്ബലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ പങ്ക് എടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
No comments
Post a Comment