ചിങ്ങം ഒന്ന്; കാർഷിക അഭിവൃദ്ധിക്കായി കൈകോർക്കാം: കർഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നവഉദാരവൽക്കരണ നയങ്ങളുടെ ആരംഭം മുതൽ നമ്മുടെ കാർഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അന്താരാഷ്ട്ര വാണിജ്യകരാറുകളും കോർപറേറ്റ് അനുകൂല കാർഷിക നയങ്ങളും കർഷകരെ ദോഷകരമായി ബാധിച്ചു. അനേകലക്ഷം കർഷകർ സാമ്പത്തിക പ്രയാസങ്ങൾ കാരണം ആത്‌മഹത്യ ചെയ്യുന്ന അവസ്ഥ വന്നു. അതിജീവനത്തിനായി അവർ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഇന്നും തുടരുകയാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ചിങ്ങം ഒന്ന് കർഷകദിനമാണ്. ജനതയുടെ ഭൂരിഭാഗവും കൃഷിയിലും കാർഷികവൃത്തികളിലും ഏർപ്പെട്ട് ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഈ ദിനത്തിന് അതീവ പ്രാധാന്യമുണ്ട്. പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യൻ്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്. അന്നവും, ഭാഷയും, സംസ്കാരവും കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ കാർഷിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമൊക്കെയുള്ള ദിനമാണിത്.
നവഉദാരവൽക്കരണ നയങ്ങളുടെ ആരംഭം മുതൽ നമ്മുടെ കാർഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അന്താരാഷ്ട്ര വാണിജ്യകരാറുകളും കോർപറേറ്റ് അനുകൂല കാർഷിക നയങ്ങളും കർഷകരെ ദോഷകരമായി ബാധിച്ചു. അനേകലക്ഷം കർഷകർ സാമ്പത്തിക പ്രയാസങ്ങൾ കാരണം ആത്‌മഹത്യ ചെയ്യുന്ന അവസ്ഥ വന്നു. അതിജീവനത്തിനായി അവർ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഇന്നും തുടരുകയാണ്.
ഇത്തരമൊരു സ്ഥിതി കർഷകദിനത്തിൻ്റെ പ്രധാന്യം ഇരട്ടിപ്പിക്കുകയാണ്. കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം അവർക്കനുകൂലമായ സംസ്ഥാന സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനും നാം ശ്രമിക്കണം. കർഷകരുടെ പുരോഗതിയ്ക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി നമുക്കൊരുമിച്ചു നിൽക്കാം. കേരളത്തിൻ്റെ കാർഷിക അഭിവൃദ്ധിക്കായി കൈകോർക്കാം.എല്ലാ കർഷകർക്കും അഭിവാദ്യങ്ങൾ.
No comments
Post a Comment