Header Ads

  • Breaking News

    ഒരു വീട്ടുനമ്പരില്‍ രണ്ട് കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

     


    ഒരു വീട്ടുനമ്പരിൽ രണ്ട് കുടുംബങ്ങൾ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിൽ ഇരു കുടുംബങ്ങൾക്കും ഓൺലൈനായി റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. ഒരു വീട്ടുനമ്പരിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന വിവരം താലൂക്ക് സപ്ലൈ ഓഫീസറെയോ റവന്യു ഇൻസ്പെക്ടറെയോ ബോധ്യപ്പെടുത്തിയാൽ മാത്രം മതിയാകും. ഇത്തരം കേസുകളിൽ റവന്യു ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലെ ഓഫീസർക്ക് തീരുമാനം എടുക്കാമെന്നും കയ്പ്പമംഗലം എംഎല്‍എ ടൈസൺ മാസ്റ്ററുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.


    പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരിതങ്ങളിൽപെട്ട് കാർഡ് നഷ്ടപ്പെടുന്നവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ നൽകിവരുന്നുണ്ട്. റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ മേൽവിലാസം സ്ഥിരീകരിക്കുന്നതിന് പഞ്ചായത്ത് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റോ, കരം അടച്ച രസീത്, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ആധാർ കാർഡ്, ഇലക്ടറൽ ഐഡി, സാധുവായ വാടക കരാർ തുടങ്ങിയ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും സമർപ്പിക്കേണ്ടതുണ്ട്. രേഖകൾ പ്രകാരമുള്ള വിലാസവും അപേക്ഷയിൽ പറയുന്ന വിലാസവും ഒന്നായിരിക്കേണ്ടതും അപേക്ഷകന്റേയോ, കാർഡിൽ ഉൾപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്ന മറ്റ് മുതിർന്ന അംഗങ്ങളുടെയോ പേരിലുള്ളതോ ആയിരിക്കേണ്ടതുമാണ്.
    വീട് നിർമ്മാണം പൂർത്തിയാകാതെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് കെട്ടിട നമ്പർ കിട്ടാത്തവർക്ക് റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ താലൂക്ക് സപ്ലെ ഓഫീസർ പരിശോധിച്ച് അർഹമെന്ന് ബോധ്യപ്പെട്ടാൽ റേഷൻ കാർഡ് അനുവദിക്കും. പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പുതിയ റേഷൻ കാർഡിനായി വീട്ടുനമ്പർ രേഖപ്പെടുത്തേണ്ട കോളത്തിൽ “00” എന്ന് രേഖപ്പെടുത്തി കാർഡ് അനുവദിക്കും. ഒരിടത്തും റേഷൻ കാർഡിൽ പേരില്ലാത്തവർ ആധാർ കാർഡിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
    x

    No comments

    Post Top Ad

    Post Bottom Ad